‌ റൊണാൾഡോ റയൽ വിടാനുള്ള കാരണം ലാ ലിഗ പ്രസിഡന്റ് പുറത്ത് വിട്ടു

ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞതോടെ ഇനി താരങ്ങളുടെ ട്രാൻസ്ഫർ സീസണാണ്. പല താരങ്ങളേയും വരും ദിവസങ്ങളിൽ പഴയ ക്ളബിൽ കാണാനില്ല. പോർച്ചുഗൽതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ട്രാൻസ്ഫർ രംഗത്തെ താരമായത്. ലോകകപ്പ് കഴിയും മുൻപ് തന്നെ റൊണാൾഡോ റയൽ മഡ്രിഡ് ഉപേക്ഷിക്കുന്നതായി വാർത്തകൾ പരന്നിരുന്നു. ഒടുവിൽ 820 കോടി രൂപ മുടക്കി യുവന്റ്സ് താരത്തെ സ്വന്തമാക്കുകയും ചെയ്തു. നാലു വർഷത്തെ കരാറിലാണ് ഒപ്പിട്ടത്. റയലുമായുള്ള ഒൻപതു വർഷത്തെ ബന്ധമാണ് ഉപേക്ഷിച്ചത്. 

റൊണാൾഡോ മഡ്രിഡ് വിട്ടതിനെ പല താരങ്ങളും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. ലാ ലിഗ പ്രസിഡന്റ് ജാവിയർ ടെബാസ് താരം മഡ്രിഡ് വിടാനുള്ള കാരണം വ്യക്തമാക്കി. സ്പെയിനിലെ ഉയർന്ന നികുതി നിരക്കാണ് റൊണാൾഡോയെ മഡ്രിഡ് വിടാൻ പ്രേരിപ്പിച്ചതെന്നു ടെബാസ് പറഞ്ഞു. ഇറ്റാലിയൻ ക്ളബായ യുവന്റ്സിൽ റൊണാൾഡോയ്ക്കു കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാനാകും. സ്പാനിഷ് ലീഗിന്റെ വളർച്ചയ്ക്കു ഇത്തരം നികുതി സമ്പ്രദായങ്ങൾ തടസമാകും. കളിക്കാരുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് സ്പെയ്ൻ ഒട്ടും പരിഗണന നൽകാറില്ലെന്നും ലാ ലിഗ പ്രസിഡന്റ് പറഞ്ഞു. ‌‌‌‌

നേരത്തെ നികുതി സംബന്ധമായ കേസ് റൊണാൾഡോയ്ക്കു നേരിടേണ്ടി വന്നിരുന്നു. കളിക്കാരെ മാനസികമായി ഏറെ ബുദ്ധിമുട്ടിക്കുന്ന സംഗതിയാണ് നികുതി സംബന്ധമായ കേസുകളും നിയമനടപടികളും. നേരത്തെ അർജന്റീനൻ താരം ലയണൽ മെസിക്കെതിരേയും നടപടി വന്നിരുന്നു.