ആ തീരുമാനം ഏകദിന ക്രിക്കറ്റിനെ നശിപ്പിക്കും:സച്ചിന്‍

ഏകദിന ക്രിക്കറ്റില്‍ രണ്ടു ന്യൂ ബോളുകള്‍ ഉപയോഗിക്കാനുള്ള തീരുമാനം നല്ലതല്ലെന്നു മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പുതിയ പന്ത് ഉപയോഗിക്കുന്നതിലൂടെ റിവേഴ്സ് സ്വിങ് എറിയാനുള്ള അവസരം ബൗളര്‍മാര്‍ക്കു നഷ്ടമാകും. പന്ത് പഴകുമ്പോഴാണ് റിവേഴ്സ് സ്വിങ് എറിയാനാകുക. ഒരു കാലത്ത് കളികളില്‍ ബൗളര്‍മാരുടെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായിരുന്നു  റിവേഴ്സ് സ്വിങ്. എന്നാല്‍ ഇപ്പോള്‍ ഈ തന്ത്രം അധികം കാണുന്നില്ല. അവസാന ഓവറുകളില്‍ റിവേഴ്സ് സ്വിങ്ങിനു ഏറെ പ്രാധാന്യമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. 

സച്ചിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെന്ന് മുന്‍ പാക് താരം വഖാര്‍ യൂനുസും ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ളണ്ട് 481 റണ്‍സ് നേടി റെക്കോര്‍ഡിട്ടിരുന്നു. നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയ നേടിയ 312 റണ്‍സ് ഇംഗ്ളണ്ട് മറികടക്കുകയും ചെയ്തു. ഈ കളികളില്‍ ന്യൂ ബോളുകള്‍ ഉപയോഗിച്ചിരുന്നു.