കൊൽക്കത്തയെ തകർക്കാൻ വജ്രായുധവുമായി രാജസ്ഥാൻ; തടുക്കാനൊരുങ്ങി കൊൽക്കത്തയും

രണ്ടാംക്വാളിഫയര്‍ ലക്ഷ്യമിട്ട് കൊല്‍ക്കത്തയും രാജസ്ഥാനും കൊമ്പുകോര്‍ക്കുമ്പോള്‍ മല്‍സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം..

രാജസ്ഥാന്റെ വജ്രായുധമാണ് ജോഫ്ര ആര്‍ച്ചര്‍. 9 മല്‍സരങ്ങളില്‍ നിന്ന് നേടിയത് 13 വിക്കറ്റ്. 22 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. ആര്‍ച്ചറുടെ യോര്‍ക്കറുകള്‍ കൊല്‍ക്കത്തയുടെ ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുമെന്ന് ഉറപ്പാണ്.

കോഹ്‌ലിപ്പടയ്ക്കെതിരായ നിര്‍ണായകമല്‍സരത്തിലെ പ്രകടനം മാത്രം മതി ശ്രേയസ് ഗോപാലിന്റെ കരുത്തറിയാന്‍. ജീവന്‍മരണപ്പോരാട്ടത്തില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് വീഴ്ത്തിയത് 4 സുപ്രധാനവിക്കറ്റുകള്‍. പത്തുമല്‍സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകളാണ് ശ്രേയസ് നേടിയത്. 

ക്രിസ് ലിന്നിന്റെ ബാറ്റിങ് കരുത്തില്‍ തന്നെ നൈറ്റ് റൈ‍ഡേഴ്സ് പ്രതീക്ഷകള്‍. 14 മല്‍സരങ്ങളില്‍ നിന്ന്  അടിച്ചെടുത്തത് 425 റണ്‍സ്. മല്‍സരത്തിന്റെ ഗതി ഒറ്റയ്ക്കുമാറ്റാന്‍ െകല്‍പ്പുണ്ട് സുനില്‍ നരെയ്നെന്ന കരീബിയന്‍ കൊടുങ്കാറ്റിന്. 14 മല്‍സരങ്ങളില്‍ നിന്ന് അക്കൗണ്ടിലെത്തിച്ചത് 327 റണ്‍സും 16 വിക്കറ്റും. 

ബോളര്‍മാരുടെ കരുത്തെന്തെന്ന് കാണിച്ചു കൊടുക്കാന്‍ കുല്‍ദീപ് യാദവും മുന്നില്‍ത്തന്നെ നിന്നു.14 മല്‍സരങ്ങളില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ ഈ ഇടംകയ്യന്‍ സ്പിന്നര്‍ രാജസ്ഥാന്‍ ബാറ്റിങ് നിരയെ പരീക്ഷിക്കുമെന്നുറപ്പ്.