ധോണിയ്ക്കൊരു പിൻഗാമി: സഞ്ജുവിനു മുതൽക്കൂട്ടാകും ഈ റോയൽ വെടിക്കെട്ട്

ക്രിക്കറ്റ് ലോകത്തെ അമൂല്യ താരം മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമി. അതിലും വലിയൊരു അംഗീകാരം വേറെയുണ്ടോ ? ഏതൊരു കളിക്കാരനും അഭിമാനത്തിന്റെ നെറുകയിലെത്തുന്ന നേട്ടം. കേൾക്കാൻ സുഖമുണ്ട്. എന്നാൽ ആ പദവിയിലേക്കുള്ള ദൂരം ഒരു ഇരട്ടസെഞ്ചുറിയിലേക്കുള്ളത്രയും ഉണ്ടെന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

ദിനേഷ് കാർത്തിക്, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ...ധോണിക്കു പിൻഗാമിയായി സിലക്ടർമാർ തിരയുന്ന വിക്കറ്റ് കീപ്പർമാരുടെ പട്ടികയ്ക്കു നീളമേറെയാണ്. ഈ പട്ടികയിലേക്കാണ് നമ്മുടെ സ്വന്തം സഞ്ജു സാംസണും ചെന്നു കയറിയിരിക്കുന്നത്. കാലമേറെയായി സഞ്ജു ഇന്ത്യൻ ടീമിന്റെ വിക്കറ്റിനു പിന്നിലേക്കു നോക്കിയിരിക്കാൻ തുടങ്ങിയിട്ട്. കടമ്പകളേറെയാണ് ഈ സ്ഥാനത്തേക്ക്. കാർത്തിക്കും ഋഷഭും മുൻനിരയിലുള്ള ആ മൽസരത്തിന്റെ തലപ്പത്തേയ്ക്കു കടന്നെത്താൻ സഞ്ജുവിന് ഈ ഐപിഎല്ലിലെ പ്രകടനം മുതൽക്കൂട്ടാകും.  

ലോകോത്തര താരങ്ങൾ നിരക്കുന്ന ലീഗിലെ റൺവേട്ടയ്ക്കുള്ള ഓറഞ്ച് ക്യാപ്പും മലയാളി താരത്തിന്റെ ശിരസ്സിൽ വന്നിരിക്കുകയാണ്. രണ്ടു മൽസരങ്ങളിലും ടീമിന്റെ ടോപ് സ്കോററായ സഞ്ജുവിന്റെ ഇന്നേവരെ കാണാത്തൊരു ബാറ്റിങ് വെടിക്കെട്ടിനാണു വിഷുസന്ധ്യയിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വേദിയായത്.ടോസ് നഷ്ടമായി ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട, വിജയം തേടാൻ 160– 170 റൺസ് എന്ന കണക്കുകൂട്ടലുകളുമായി ഇന്നിങ്സ് കരുപ്പിടിപ്പിച്ച റോയൽസിനെ സഞ്ജുവിന്റെ ഒറ്റയാൾ ആക്രമണം 217 റൺസ് എന്ന പടുകൂറ്റൻ ടോട്ടലിലാണെത്തിച്ചത്.

ഐപിഎൽ ലേലത്തിൽ ടീം ഇന്ത്യയുടെ നിറത്തിലെ സ്ഥിരക്കാരായ പല താരങ്ങൾക്കും ലഭിക്കാത്ത വില നൽകിയാണ് ഇരുപത്തിമൂന്നുകാരനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. എട്ടു കോടിയെന്ന സ്വപ്നസംഖ്യയ്ക്കൊത്ത പ്രകടനം ഇപ്പോൾ കളത്തിൽ നിന്നും വരുമ്പോൾ  മിന്നിത്തെളിയുന്നത് റോയൽസിന്റെ മാത്രം പ്രതീക്ഷകളല്ല. ധോണിക്കൊരു പിൻഗാമിയെന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ആകാശത്തോളം ചെന്ന പ്രതീക്ഷകൾ കൂടിയാണു ക്രീസിൽ പൂത്തുലയുന്നത്. 

അ‍ഞ്ചു വർഷം മുൻപ് അരങ്ങേറിയ സഞ്ജുവിന്റെ താരമൂല്യം ഓരോ സീസണിലും വർധിക്കുന്ന കാഴ്ചയാണ് ഐപിഎൽ കാട്ടിത്തരുന്നത്. രാഹുൽ ദ്രാവിഡിന്റെ കണ്ടെത്തലായി രാജസ്ഥാൻ റോയൽസിനൊപ്പം തുടങ്ങിയ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും തിളക്കമേറിയ പ്രകടനം മുൻവർഷം ഡൽഹി ഡെയർഡെവിൾസിനു വേണ്ടി പുറത്തെടുത്തതാണ്. ഡൽഹിയുടെ താരനിബിഡ നിരയിൽ ബാറ്റ്സ്മാനായി ഇടംകണ്ടെത്തിയ സഞ്ജു 14 മൽസരങ്ങളിൽ നിന്നായി കുറിച്ചതു 386 റൺസ്. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും നേടിയ സഞ്ജു സാംസൺ യുവതാരമെന്ന ലേബലിൽ നിന്നു ടീമിന്റെ മുന്നണിപ്പോരാളിയായി വളർന്നതിന്റെ സാക്ഷ്യപത്രമാണ് ഇത്തവണത്തെ താരലേലം.