കോഴക്കാര്യം തെളിഞ്ഞാൽ തൂക്കിക്കൊല്ലാം; വികാരാധീനനായി ഷമി

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ഷമിയുടെ ഭാര്യ ഹസീൻ ജഹാൻ ബിസിസിഐക്ക് കൈമാറി. പരാതിയുടെ വിശദാംശങ്ങളും തെളിവുകൾ ബിസിസിഐ അധ്യക്ഷൻ വിനോദ് റായിക്കും കൊൽക്കത്ത പൊലീസിനും കൈമാറിയെന്ന് ഹസിൻ ജഹാന്റെ അഭിഭാഷകൻ അറിയിച്ചു. ഷമിക്ക് പാക്കിസ്ഥാനി യുവതിയുമായി ബന്ധമുണ്ടെന്നും അവരിൽ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നുമാണ് ഷമിയുടെ ഭാര്യയുടെ ആരോപണം. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ ബിസിസിഐ ചെയർമാൻ വിനോദ് റായ് ബിസിസിഐ അഴിമതി വിരുദ്ധ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്. 

അതേസമയം കോഴ ആരോപണങ്ങൾ തെളിഞ്ഞാൽ തന്നെ തൂക്കി കൊല്ലാമെന്നായിരുന്നു കണ്ണീരോടെ ഷമിയുടെ മറുപടി. ഏതു തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഷമി വ്യക്തമാക്കി. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ തന്റെ നിരപരാധിത്വത്തെക്കുറിച്ചു പറയുമ്പോൾ ഷമി പലപ്പോഴും കരഞ്ഞു. രാജ്യത്തെ ഒറ്റുകൊടുക്കുന്നവനല്ല താനെന്നു ഷമി പറഞ്ഞു.