കേരളത്തിന്റെ ഹാന്‍ഡ്ബോള്‍ തട്ടകത്തെ പരിചയപ്പെടാം

കേരളത്തിന്റെ ഹാന്‍ഡ്ബോള്‍ തട്ടകമാണ് കോട്ടയം  പങ്ങട എസ് എച്ച് ഹാന്‍ഡ്ബോള്‍ അക്കാദമി   . ജില്ലാ താരങ്ങള്‍ മുതല്‍  രാജ്യാന്തര താരങ്ങള്‍ വരെ എസ് എച്ച് അക്കാദമില്‍ നിന്ന്  പരിശീലനം നേടുന്നവരില്‍ ഉള്‍പ്പെടുന്നു.

കേരളത്തിന്റെ ഹാൻഡ്ബോൾ ടീമിൽ വിവിധ വിഭാഗങ്ങളിലായി 21 താരങ്ങൾ, സൗത്ത് സോൺ ഹാൻഡ്ബോൾ ചാമ്പ്യന്മാരായ എംജി സർവകലാശാലയുടെ ടീമിൽ 5 പേര്‍  ഇന്ത്യൻ ആർമിയുടെ ഹാൻഡ്ബോൾ ടീമിൽ 5 താരങ്ങൾ, കോട്ടയം ജില്ലാ ഹാൻഡ് ബോൾ ടീമിലെ പകുതിയോളം കളിക്കാർ. ഇങ്ങനെ പോകുന്നു എസ്എച്ച് അക്കാദമിയിൽ നിന്നു കളി പഠിച്ച താരങ്ങളുടെ എണ്ണം. 2002 മുതൽ വിവിധ ദേശീയ മൽസരങ്ങളിൽ പങ്കെടുക്കുന്ന കേരള ടീമുകളുടെ കോച്ചിങ് ക്യാംപുകൾ ഇവിടെ നടക്കുന്നുണ്ട്. 

പങ്ങട എസ്എച്ച് ഹൈസ്കൂളിന്റെ നിയന്ത്രണത്തിലുള്ള അക്കാദമിയിൽ പ്രധാനമായും പരിശീലനം നൽകുന്നത് സ്കൂൾ കുട്ടികൾക്കാണ്.  പക്ഷേ, ഇവിടെ പഠിച്ചിറങ്ങിയവർ ഇവിടം വിട്ടു പോകാറില്ല. കോളജ് തലത്തിലും മറ്റുമായി പഠിക്കുന്നവരും അവരുടെ പരിശീലനം ഇവിടെ തുടരുന്നു. 2013ൽ ചൈനയിൽ പര്യടനം നടത്തിയ ഇന്ത്യൻ ഹാൻഡ്ബോൾ ടീമിൽ അംഗമായിരുന്ന ധനു മാത്യു എസ്എച്ച് അക്കാ‍മിയുടെ സംഭാവനയാണ്. ഇതിനൊക്കെ പുറമേ നിർധനരായ ആളുകൾക്കു ഭവന നിർമാണ സഹായവും കുട്ടികൾക്കു വിദ്യാഭ്യാസ സഹായവും കഴിഞ്ഞ കുറേ വർഷങ്ങളായി അക്കാദമി നൽകി വരുന്നു