ബ്ളാസ്റ്റേഴ്സിനു പ്രതീക്ഷയുടെ പൊൻകിരണങ്ങൾ

ജംഷഡ്പുർ ജയിക്കരുതേ എന്നു പ്രാർഥിച്ചു നിന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ മലയാളി താരം മുഹമ്മദ് റാഫി രക്ഷിച്ചു. ഐഎസ്എൽ ഫുട്ബോളിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ റാഫിയുടെ ഗോളിൽ ജംഷഡ്പുരിനെതിരെ ചെന്നൈയ്ക്കു 1–1 സമനില. 32–ാം മിനിറ്റിൽ വില്ലിങ്ടൺ പ്രിയോറിലൂടെ മുന്നിലെത്തിയ ജംഷഡ്പുരിനെതിരെ കളിയവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെയാണ് റാഫിയുടെ ഗോളിൽ ചെന്നൈ മറുപടി നൽകിയത്. 

ഇന്നലെ രണ്ടാം മൽസരത്തിൽ മുംബൈ കൊൽക്കത്തയെ 2–1നു തോൽപ്പിച്ചത് ബ്ലാസ്റ്റേഴ്സിനു ചെറിയ  തിരിച്ചടിയായി. 16 കളികളിൽ 26 പോയിന്റുള്ള ജംഷഡ്പുരിന് രണ്ടു പോയിന്റ് പിന്നിലാണ് അത്രയും മൽസരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ്. 15 കളികളിൽ 20 പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തുണ്ട്. ഇനിയുള്ള രണ്ടു മത്സരങ്ങളും മികച്ച മാർജിനിൽ വിജയിക്കേണ്ടി വരും ബ്ളാസ്റ്റേഴ്സിന്. കൂടാതെ മറ്റു ടീമുകളുടെ മത്സരഫലവും നിർണായകമാകും.