ബിസിസിഐയ്ക്കെതിരെ കടുത്ത വിമർശനവുമായി വിരാട് കോഹ്‍ലി

ബിസിസിഐയ്ക്കെതിരെ കടുത്ത വിമർശനവുമായി വിരാട് കോഹ്‍ലി രംഗത്ത്. പരമ്പരകൾ തമ്മിൽ ഇടവേളകള്‍ ലഭിക്കാത്തത് ബിസിസിഐയുടെ ആസൂത്രണക്കുറവിൻറെ തെളിവാണെന്ന് കോഹ്‍ലി കുറ്റപ്പെടുത്തി. ഇത് ടീമിൻറെ മൊത്തംപ്രകടനത്തെ ബാധിക്കുന്നതായും അദ്ദേഹം നാഗ്പുരിൽ പറഞ്ഞു. 

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാംമൽസരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ നായകൻറെ വിമർശനം. ബിസിസിഐയുടെ ആസൂത്രണത്തിലെ പിഴവ് തുടർച്ചയായി അനുഭവപ്പെടുന്നുണ്ട്. താരങ്ങൾക്ക് മുന്നൊരുക്കത്തിനുപോലും സമയം അനുവദിക്കാതെ പരമ്പരകൾ സംഘടിപ്പിക്കുന്നത് ഈ ആസൂത്രണകുറവിൻറെ തെളിവാണ്. ലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം അടുത്തമാസം 27നാണ് ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നത്. ജനുവരി അഞ്ചിന് പരമ്പര ആരംഭിക്കും. ഇതിനിടയിൽ ഒരാഴ്ചപോലും സമയമില്ലാത്തത് ടീമിൻറെ മൊത്തംപ്രകടനത്തെ ബാധിക്കും. കോഹ്‍ലി പറഞ്ഞു. 

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ബൗൺസ് ചെയ്യുന്ന പിച്ചാണ് ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് ലഭ്യമാക്കിയില്ലെന്നും കോഹ്‍ലി വിമര്ശിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രവിന്ദ്ര ജഡേജയ്ക്കും, ആർ.ആശ്വിനും സ്ഥാനമുറപ്പാക്കാനാകില്ലെന്നും കോഹ്‍ലി പറഞ്ഞു.