ഈഡന്‍ഗാര്‍ഡൻസിൽ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും

ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യമല്‍സരം ഇന്ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനന്‍സില്‍. തുടര്‍ച്ചയായ ഒന്‍പത് ടെസ്റ്റ് പരമ്പരവിജയമെന്ന ചരിത്രനേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യ ലങ്കയെ നേരിടാനിറങ്ങുന്നത്. സ്വന്തം നാട്ടില്‍ ഇന്ത്യയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്ക സമ്മര്‍ദത്തിലാണ്. 9.30നാണ് മല്‍സരം. 

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. സ്വന്തം മണ്ണില്‍ നടന്ന 13 ടെസ്റ്റ് മല്‍സരങ്ങളില്‍ പത്തിലും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുക. ലങ്കയുടെ മേല്‍ വ്യക്തമായ ആധിപത്യത്തോടെ വിജയിച്ച് 2 മാസം നീളുന്ന ദക്ഷിണാഫ്രിക്കന്‍ ട്രിപ്പിന് ഒരുങ്ങാനാകും ടീം ഇന്ത്യയുടെ ശ്രമം. അതൊടൊപ്പം തുടര്‍ച്ചയായ ഒമ്പത് ടെസ്റ്റ് പരമ്പരവിജയമെന്ന ചരിത്രനേട്ടം സ്വന്തമാക്കാനും. 2015- ല്‍ ലങ്കന്‍ മണ്ണില്‍ അവരെ കീഴടക്കിയാണ് ഇന്ത്യ ഈ ലക്ഷ്യത്തിലേക്ക് കുതിപ്പ് തുടങ്ങിയത്. 

കോഹ്‌ലി ഇത്തവണയും ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്. ഹര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം നല്‍കിയ ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചുവരാനാണ് സാധ്യത. ബാറ്റിങ് ജോലി ആര്‍. അശ്വനാകും കൈമാറുക. പരുക്കുമാറി മുരളി വിജയ് എത്തുമെങ്കിലും ധവാന്‍ - രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് നിലനിര്‍ത്തിയേക്കും. ഇന്ത്യയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചുവരാനാകും ലങ്കന്‍ ശ്രമം. പക്ഷേ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും കൂട്ടരും ഏറെ വിയര്‍ക്കേണ്ടി വരും. കൗശല്‍ സില്‍വ ഇല്ലാത്തതിനാല്‍ സമരവിക്രമയാകും കരുണരത്നയ്ക്കൊപ്പം ഓപ്പണിങിന് ഇറങ്ങുക.