യുവാവിന്റെ ആത്മഹത്യ; സഹകരണസംഘം തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കണമെന്നു ആവശ്യം

തിരുവനന്തപുരം പോത്തൻകോട് യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണമായ സഹകരണസംഘം തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യം. കേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരുവർഷം പിന്നിടുമ്പോഴും അന്വേഷണം എവിടെയും എത്തിയിട്ടില്ല. അതേസമയം, ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി മറ്റ് തട്ടിപ്പുകളുമായി സജീവമാണെന്നും തട്ടിപ്പിനിരയായവർ ആരോപിക്കുന്നു.  

ചിറയിൻകീഴ്, ആറ്റിങ്ങൽ കേന്ദ്രമായി സഹകരണസംഘങ്ങളുടെ പേരിൽ നടന്ന സംസ്ഥാനവ്യാപക തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു വർഷമായെങ്കിലും മൊഴിയെടുപ്പിന് അപ്പുറം കേസ് കടന്നിട്ടില്ല. അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് സംഘം സൂചിപ്പിക്കുന്നത്. സഹകരണസംഘത്തിൽ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് എട്ടു ലക്ഷം രൂപ നൽകി തട്ടിപ്പിനിരയായ രജിത്ത് കഴിഞ്ഞദിവസം ആത്മഹത്യചെയ്തിരുന്നു. 

ഇതോടെ കേസ് അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. മലപ്പുറം വരെ നീണ്ടുനിൽക്കുന്ന കോടികളുടെ തട്ടിപ്പിന്റെ സൂത്രധാരനായ മുഖ്യപ്രതി സജിത്ത് നേരത്തെ ജാമ്യത്തിലിറങ്ങിയിരുന്നു. രജിത്തിന്റെ മരണത്തിൽ സജിത്തിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനും തട്ടിപ്പിനിരയായവർ തയാറെടുക്കുകയാണ്. 

Suicide of a young man; There is a demand to speed up the investigation in the co-operative society fraud