കുടുംബപ്രശ്നം ; ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി

ചെങ്ങന്നൂർ പുന്തലയിൽ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. പുന്തല ശ്രുതിലയത്തിൽ ദീപ്തിയെ ആണ് ഭർത്താവ് ഷാജി വീട്ടുമുറ്റത്ത് വെട്ടിക്കൊന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷാജിയും ഭാര്യ ദീപ്തിയും തമ്മിലുണ്ടായ കലഹമാണ് ആക്രമണത്തിലേക്കെത്തിയത്. മക്കളെ വീടിന്റെ മുറിയിൽ പൂട്ടിയിട്ടശേഷം ഷാജി ദീപ്തിയെ വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടുകയായിരുന്നു. മക്കൾ വിവരമറിയിച്ചതിനെ തുടർന്നെത്തിയ നാട്ടുകാരാണ് തലയ്ക്ക് മാരകമായി മുറിവേറ്റ ദീപ്തിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ നടന്ന പരിശോധനയിൽ ഷാജിയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. വിദേശത്ത് ജോലിയുള്ള ഷാജി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഷാജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ദീപ്തിയുടെ മൃതദേഹം ചെങ്ങന്നൂരെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.