ഗുണ്ടാ ആക്രമണം; രണ്ട് യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പട്ടാപ്പകല്‍ യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ശിവമോഗ്ഗ ലഷ്കർ-മുഹല്ലയിൽ ബുധനാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തുംഗനഗര്‍ സ്വദേശിയായ കെ.ശുഐബ്, ദൊഡ്ഡപേട്ട സ്വദേശിയായ മുഹമ്മദ് ഗൗസ് എന്നിവരാണ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഇരുവരും ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണെന്നും കൊലപാതകത്തിന് പിന്നില്‍ മുൻ വൈരാഗ്യമാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അക്രമത്തിനിടയിൽ ലഷ്കർ -മൊഹല്ലയിലെ ആട്ടിറച്ചി വ്യാപാരി യാസിൻ ഖുറൈശി എന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെയുണ്ടായ ചില പ്രശ്നങ്ങളില്‍ യാസിറിനെ ആക്രമിക്കാന്‍ എത്തിയവരാണ് ബുധനാഴ്ച്ച കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

കൃത്യം നടത്തിയ ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഉടനെ രക്ഷപ്പെട്ടു. ഇവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകത്തെ തുടര്‍ന്ന് മേഖലയിൽ പൊലീസ്  കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. 

Two murdered in Shivamogga