മോദിയുടെ കള്ളപ്പണ ആരോപണം അന്വേഷിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്

modi
SHARE

അദാനിയും അംബാനിയും പാർട്ടിക്ക് കള്ളപ്പണം നൽകിയെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ്. പരാജയഭീതിയിലായപ്പോൾ അദാനിയെയും അംബാനിയെയും വിളിച്ച് രക്ഷിക്കാൻ ആവശ്യപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.  അന്വേഷണം ഒഴിവാക്കാനാവില്ലെന്ന് മുൻ കേന്ദ്ര മന്ത്രി പി.ചിദംബരം പറഞ്ഞു.  

അദാനിയും അംബാനിയും കോൺഗ്രസിന് ലോറി നിറയെ കള്ളപ്പണം നൽകി എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആയുധമാക്കുകയാണ് കോൺഗ്രസ്. പത്തു വർഷത്തിനിടെ ആയിരക്കണക്കിന് പ്രസംഗങ്ങൾ നടത്തിയിട്ടും അദാനിയുടെയും അംബാനിയുടെയും പേര് പറയാതിരുന്ന പ്രധാനമന്ത്രി നിലവിൽ പരാജയഭയത്താൽ അവരുടെ പേരുകൾ പറഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ് രാഹുൽ ഗാന്ധി കടന്നാക്രമിച്ചു.

പ്രധാനമന്ത്രിയുടെ ആരോപണം  സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം അംഗീകരിക്കണമെന്ന് മുൻ ധനമന്ത്രി  പി.ചിദംബരം പറഞ്ഞു. എന്തുകൊണ്ടാണ് ബിജെപി മൗനം പാലിക്കുന്നതെന്നും ചിദംബരം. ഓരോ ഘട്ടം വോട്ടെടുപ്പ് കഴിയുമ്പോഴും ബിജെപി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്.   ഇന്ത്യ മുന്നണി അധികാരത്തിൽ വരികയും നരേന്ദ്രമോദി പ്രധാനമന്ത്രിപദം ഒഴിയുകയും ചെയ്യുമെന്നും കോൺഗ്രസ് വക്താവ് പ്രതികരിച്ചു.  

പ്രധാനമന്ത്രി അടക്കമുള്ള എൻഡിഎ നേതാക്കൾ  വിദ്വേഷ പ്രസംഗങ്ങൾ തുടരുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് ഇന്ത്യ മുന്നണിയുടെ  പരാതി. .  പോളിംഗ് ശതമാനം പുറത്തുവിടുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തുടരുന്ന കാലതാമസം തിരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്തുന്നു എന്നും  പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

Congress about modi's black money allegation

MORE IN INDIA
SHOW MORE