സെല്‍ഫി ചോദിച്ച ആരാധകനെ കയ്യേറ്റം ചെയ്തു; നമ്പര്‍ വണ്‍ താരത്തിന്റെ പെരുമാറ്റത്തിനെതിരെ പ്രതിഷേധം

സെല്‍ഫി ചോദിച്ചുവന്ന ആരാധകനെ കയ്യേറ്റം ചെയ്ത് ക്രിക്കറ്റ് താരം. ഐസിസി റാങ്കിങ് പ്രകാരം ട്വന്റി 20 നമ്പര്‍ വണ്‍ ഓള്‍ റൗണ്ടര്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് ആരാധകനോട് മോശമായി പെരുമാറിയത്. മൊബൈലുമായി സെല്‍ഫി ചോദിച്ചു വന്നതായിരുന്നു ആരാധകന്‍. എന്നാല്‍ ഷാക്കിബ് ആരാധകനോട് തിരിച്ചു പോകാനും മൊബൈല്‍ പിടിച്ചുവാങ്ങാനും ശ്രമിക്കുന്ന വിഡിയോയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതിനിടെ ആരാധകനെ അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.  ഏകദിന പരമ്പര റാങ്കിങ്ങിലെ രണ്ടാം നമ്പര്‍ താരവും ടെസ്റ്റ് റാങ്കിങ്ങിലെ മൂന്നാംനമ്പര്‍ താരവുമാണ് ഷാക്കിബ്. 

സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകനെ കഴുത്തിനുപിടിച്ചു മാറ്റുന്ന ദൃശ്യങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്. നമ്പര്‍ വണ്‍ താരത്തിന്റെ മോശം പെരുമാറ്റം തങ്ങളെ അങ്ങേയറ്റം നിരാശരാക്കുന്നതാണെന്ന് ചില ആരാധകര്‍ പറയുന്നു. 

ബംഗ്ലാദേശ് ക്രിക്കറ്റ് നിരയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരം കൂടിയാണ് ഷാക്കിബ്. 2006 മുതല്‍ 67 ടെസ്റ്റുകളും 247 ഏകദിന മാച്ചും 117ട്വന്റി20യും കളിച്ച താരം കൂടിയാണ്. തങ്ങളുടെ ഇതിഹാസ താരമായാണ് ബംഗ്ലാദേശ് ഷാക്കിബിനെ കാണുന്നത്. ധാക്ക പ്രീമിയര്‍ ലീഗ് മാച്ചിന്റെ ഭാഗമായി പുറത്തുവന്ന വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഷെയ്ഖ് ജമാല്‍ ദന്‍മോണ്ടി ക്ലബിനുവേണ്ടിയാണ് ഷാക്കിബ് ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നത്. അംപെയറോട് തട്ടിക്കയറുന്നതുള്‍പ്പെടെ  ഷാക്കിബിന്റെ ചില പെരുമാറ്റങ്ങള്‍ നേരത്തേയും വാര്‍ത്തകളായിട്ടുണ്ട്. 

Bangladesh Star Shakib AL Hasan assaults fan who seeks selfie