വീടിനു മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തു; പിന്നാലെ ബോംബേറും ആക്രമണവും; അറസ്റ്റ്

തൃശൂര്‍ പൂച്ചെട്ടിയില്‍ വീടിനു മുമ്പില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്റെ പകയില്‍ ഹോട്ടലില്‍ ബോംബെറിഞ്ഞ് ഉടമയേയും മകനേയും വെട്ടിപരുക്കേല്‍പിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. രണ്ടു പേര്‍ ഒളിവിലാണ്. 

തൃശൂര്‍ പൂച്ചെട്ടി ജംക്ഷനില്‍ ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. ചില യുവാക്കള്‍ വീടിനു മുമ്പില്‍ മൂത്രമൊഴിച്ചത് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ചോദ്യംചെയ്തു. യുവാക്കളും ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിറ്റേന്നു രാത്രിയാണ്, ഓട്ടോ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലേക്ക് ബോംബേറുണ്ടായത്. ഹോട്ടല്‍ ഉടമയേയും മകനേയും ബന്ധുവിനേയും ആക്രമിച്ചു. കമ്പി വടികൊണ്ട് തലയ്ക്കടിച്ചു. വെട്ടിപരുക്കേല്‍പിച്ചു. സംഭവത്തിനു ശേഷം ഒല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചംഗ സംഘമാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞു. പ്രതികള്‍ കര്‍ണാടകയിലെ കൂര്‍ഗിലേക്ക് ഒളിവില്‍ പോയി. ഒല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബെന്നി ജേക്കബും ബിപിന്‍ നായരും അടങ്ങിയ സംഘം കര്‍ണാടകയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. കൊഴുക്കുള്ളി സ്വദേശി ശരത്, ഐക്യനഗര്‍ സ്വദേശികളായ ഹരികൃഷ്ണന്‍, അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശരതും ഹരികൃഷ്ണനും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ബോംബ് ഉണ്ടാക്കിയത് കൊഴുക്കുള്ളിയിലെ സ്വകാര്യ ഗോഡൗണിലാണെന്ന് പൊലീസ് കണ്ടെത്തി. ഗോഡൗണ്‍ നടത്തിപ്പുകാരനായ യുവാവ് ഉള്‍പ്പെടെ രണ്ടു പേരെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഹോട്ടലിലെ അക്രമത്തിനു പിന്നാലെ, പ്രതികളുടെ വീട്ടില്‍ എത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. തലയ്ക്കു പരുക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ചികില്‍സിയിലാണ്. ഈ സംഭവത്തില്‍ സി.പി.എം. പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ഒല്ലൂര്‍ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു.