എം.ഡി.എം.എ പ്രതികളുടെ കയ്യിൽ വിദ്യാർഥികളുടെ ലിസ്റ്റ്; അന്വേഷണം

തൃശൂർ കൈപ്പമംഗലത്ത് എംഡിഎംഎയുമായി പിടിയിലായ പ്രതികളിൽ നിന്ന് വിദ്യാർഥികളുടെ ലിസ്റ്റ് എക്സൈസ് കണ്ടെത്തി. പ്രതികൾ എംഡിഎംഎ നൽകാറുള്ള 250 കുട്ടികളുടെ പേരുവിവരങ്ങളാണ് ഇവയെന്ന് എക്സൈസ് അറിയിച്ചു. ചെന്ത്രാപ്പിന്നി സ്വദേശി കേരള ബ്രോ എന്നറിയപ്പെടുന്ന ജിനേഷ് , കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

15.2 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായാണ് പ്രതികൾ എക്സൈസിന്റെ പിടിയിലകപ്പെട്ടത്. പ്രതികൾ വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികൾക്കും എം.ഡി.എം.എ കൈമാറിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽ നിന്ന് ലഹരി വാങ്ങിയ കുട്ടികളുടെ പേരും വാങ്ങിയ പണവും വ്യക്തമാക്കുന്ന ലിസ്റ്റ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. പല വിദ്യാർഥികളും എം.ഡി.എം.എ വാങ്ങിയത്  3000 രൂപ വരെ നൽകിയാണെന്ന് ലിസ്റ്റ് വ്യക്തമാക്കുന്നു. എം.ഡി.എം.എ വാങ്ങിയ കുട്ടികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് എക്സൈസ് അറിയിച്ചു.

പ്രതികൾ വൻതോതിലാണ് എം.ഡി.എം.എ വിറ്റു വന്നിരുന്നത്. ലഹരി വിപണനത്തിന് പ്രത്യേകം മൊബൈൽ ഫോൺ പ്രതികൾ ഉപയോഗിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. ലഹരി ഇടപാടിനായി ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തുന്ന എക്സൈസ് കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.

Excise found list of students from MDMA accused , Thrissur