ആര് കണ്ടാലും കളിപ്പാട്ടം; ഉള്ളില്‍ എംഡിഎംഎ; വീട്ടില്‍ നിന്ന് പൊലീസ് ‘പൊക്കി’

വീട്ടിലെ മുറിക്കുള്ളില്‍ ടെഡി ബെയറിന്റെ അകത്തായി സൂക്ഷിച്ചിരുന്ന മുന്നൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പാലക്കാട് തൃത്താല സ്വദേശി ജാഫർ സാദിഖാണ് കളിക്കോപ്പിനുള്ളില്‍ ലഹരി കലവറയൊരുക്കിയത്. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് തൃത്താല പൊലീസ്. 

ആര് കണ്ടാലും വീട്ടിനുള്ളിലെ സാധാരണ കളിപ്പാട്ടം. എന്നാല്‍ ജാഫര്‍ സാദിഖ് അങ്ങനെയല്ല കരുതിയത്. ലഹരി ഒളിപ്പിക്കാന്‍ ഏറ്റവും സുരക്ഷിത മാര്‍ഗമെന്ന് കണ്ടാണ് ടെഡി ബെയർ തിരഞ്ഞെടുത്തത്. ആരു കണ്ടാലും കളിപ്പാട്ടമെന്ന് കരുതുന്നതിനാല്‍ പിടിക്കപ്പെടില്ലെന്ന് കരുതി. അങ്ങനെയാണ് മൂന്ന് കവറുകളിലായി മുന്നൂറ് ഗ്രാം എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. എം.ഡി.എം.എ അളക്കാനുള്ള ഡിജിറ്റൽ ത്രാസും ഉപയോഗിക്കാനുള്ള ഹുക്കയും വാഹനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു. 

ലഹരി ഇടപാടിലൂടെ ലഭിച്ചതായി കരുതുന്ന 4 ലക്ഷത്തി അമ്പതിനായിരം രൂപയും റിയാലും ജാഫര്‍ സാദിഖിന്റെ മുറിയില്‍ നിന്നും കണ്ടെത്തി. പതിവായി ലഹരി ഇടപാട് നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു തൃത്താല പൊലീസിന്റെ പരിശോധന. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. പട്ടാമ്പി തഹസിൽദാർ ടിപി കിഷോറിന്റെ സാന്നിധ്യത്തിലായിരുന്നു തുടര്‍ നടപടി. വര്‍ഷങ്ങളായി മാരക ലഹരിമരുന്ന് ഇടപാട് നടത്തുന്നുവെന്നാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വില്‍പനയില്‍ ഇയാളെ സഹായിക്കുന്നവരെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. 

Young man was arrested with 300 grams of MDMA, which was kept inside a teddy bear inside the room of the house