കുറിയര്‍ വഴി ലഹരിക്കടത്ത്; പിന്നില്‍ നൈജീരിയന്‍ സംഘമെന്ന് പൊലീസ്

കൊച്ചിയിലേക്ക് കുറിയർ മാർഗമുള്ള ലഹരിക്കടത്തിന് പിന്നിൽ ബെംഗളൂരുവിലെ നൈജീരിയൻ മാഫിയ സംഘമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അമൽ പപ്പടവടയിൽ നിന്നാണ് സിറ്റി പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ച സൗത്ത് പൊലീസിന് കൊച്ചിയിലെ ഇടപാടുകാരെ കുറിച്ചും വിവരം ലഭിച്ചു. തുടർച്ചയായി ലഹരിക്കേസിൽ പിടിയിലാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പടെ കടുത്ത നടപടികൾക്കൊരുങ്ങുകയാണ് പൊലീസ്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമൽ പപ്പടവടയെന്ന അമൽനായർ കൊച്ചി സൗത്ത് പൊലീസിന്റെ പിടിയിലായത്. രവിപുരം ശ്മശാനത്തിന് സമീപംവെച്ച് ലഹരി കൈമാറാൻ എത്തിയതായിരുന്നു അമൽ. പതിനാല് ഗ്രാമിലേറെ എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് കുറിയർ മാർഗമാണ് ലഹരി എത്തുന്നതെന്ന് അമൽ അന്ന് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം അമലിനെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതോടെയാണ് നൈജീരിയൻ സംഘത്തിന്റെ പങ്ക് വ്യക്തമാക്കിയത്. ലഹരിയുടെ ഉറവിടം തേടി അമലുമായി അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. അമൽ കുറിയര്‍ മാര്‍ഗം ശേഖരിക്കുന്ന ലഹരിവസ്തുക്കള്‍ മാലിന്യകൂട്ടത്തിനിടയില്‍ ഉപേക്ഷിച്ചായിരുന്നു വിതരണം. പിടിക്കപ്പെടാതിരിക്കാൻ വിവിധ മൊബൈൽ ആപ്പുകളുടെ സഹായത്തോടെയായിരുന്നു ഇടപാടുകൾ.  സൈബർസെല്ലിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. 

Nigerian people behind courier drugs racket says kerala police