എംഡിഎംഎ പിടികൂടിയ കേസ്; ഒന്നിലധികം സൂത്രധാരന്‍മാരുണ്ടെന്ന് പൊലീസ്

എറണാകുളം വടക്കൻ പറവൂർ മന്നത്ത് കോടികളുടെ എംഡിഎംഎ പിടികൂടിയ കേസില്‍ ഒന്നിലധികം സൂത്രധാരന്‍മാരുണ്ടെന്ന് പൊലീസ്. രാജ്യാന്തര ലഹരിമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. പുതുവല്‍സരാഘോഷം ലക്ഷ്യമിട്ടാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചതെന്നാണ് മൊഴി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

സിനിമാ ചിത്രീകരണത്തിനെന്ന പേരില്‍ വാടകയ്ക്കെടുത്ത വീട്ടില്‍നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് 1.81 കിലോഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയത്. വടക്കൻ പറവൂർ കരുമാല്ലൂർ തട്ടാമ്പടി സ്വദേശി നിഥിൻ വേണുഗോപാൽ , നീറിക്കോട് സ്വദേശി നിഥിൻ വിശ്വം, പെരുവാരം സ്വദേശി അമിത് കുമാര്‍ എന്നിവര്‍ പിടിയിലായി. പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട നിഖില്‍ പ്രകാശിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം റൂറല്‍ എസ്.പിയുടെ ഡാന്‍സാഫ് സ്ക്വാഡ് വന്‍ ലഹരിമരുന്ന് വേട്ട നടത്തിയത്. നിലവില്‍ പിടിയിലായവരെക്കൂടാതെ സംസ്ഥാനത്ത് പുറത്തുനിന്നുള്ളവര്‍ക്കും ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. 

കേരളത്തില്‍നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തി ഇടപാട് നടത്തിയശേഷം അവിടെനിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി അതിലൊളിപ്പിച്ചാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയിരുന്നത്. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് മന്നത്തെ വീട്ടുവളപ്പില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ സ്റ്റെപ്പിനി ടയറിനുള്ളിലായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.

Police said there were multiple masterminds in the MDMA seizure case