പൊതുകുളത്തില്‍ വിഷം കലർത്തി; മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി

തൃശൂര്‍ വടക്കാഞ്ചേരിയിലെ പൊതുകുളത്തില്‍ നാടന്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി. സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തിയതാണെന്ന സംശയത്തില്‍ അന്വേഷണം തുടങ്ങി.

വടക്കാഞ്ചേരി പാര്‍ലിക്കാട് കുഞ്ഞുകുളത്തെ പൊതുകുളത്തിലാണ് വിഷാംശം കലര്‍ന്നത്. നൂറിലേറെ മീനുകള്‍ ചത്തുപൊന്തി. അയല്‍ദേശങ്ങളില്‍ നിന്ന് മീന്‍ പിടിക്കാന്‍ ഇവിടെ ആളുകള്‍ വരാറുണ്ട്. ഇത്തരക്കാരില്‍ ആരെങ്കിലും വെള്ളത്തില്‍ വിഷം കലര്‍ത്തിയോ എന്നാണ് നാട്ടുകാരുടെ സംശയം. കുളത്തില്‍ കുളിക്കാന്‍ വന്നവരാണ് മീനുകള്‍ ചത്തുപൊന്തിയത് ആദ്യമറിഞ്ഞത്. ഉടനെ, നഗരസഭാ അധികൃതരെ വിവരമറിയിച്ചു. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചു. കുളത്തിലെ വെള്ളം താല്‍ക്കാലികമായി ഉപയോഗിക്കരുതെന്നാണ് അധ്യാപകരുടെ മുന്നറിയിപ്പ്. 

മേഖലയിലെ കുഞ്ഞുകുളങ്ങര കോളനിയിലെ ഇരുപതോളം കുടുംബങ്ങൾ വെള്ളത്തിനായി ആശ്രയിക്കുന്നത് ഈ കുളത്തെയാണ്. കുറ്റവാളികളെ അന്വേഷണം നടത്തി കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.