ഭിന്നശേഷിക്കാരനായ മകന്റെ കൊലപാതകം; അച്ഛന്‍ നടത്തിയത് ആസൂത്രിത ശ്രമം

ഭിന്നശേഷിക്കാരനായ മകനെ കൊല്ലാന്‍ അച്ഛന്‍ ആസൂത്രിതമായ ശ്രമം നടത്തിയെന്ന് കുടുംബാംഗങ്ങള്‍. തൃശൂര്‍ കേച്ചേരി പട്ടിക്കര സ്വദേശിയായ സഹദിനെ തീ കൊളുത്തി കൊന്നത് അച്ഛന്‍ സുലൈമാനായിരുന്നു. തെളിവെടുപ്പിന് എത്തിയ പ്രതിയോട് ഭീഷണി മുഴക്കിയായിരുന്നു നാട്ടുകാര്‍ അരിശം തീര്‍ത്തത്. ഇരുപത്തിയെട്ടുകാരനായ സഹദിനെ അച്ഛന്‍ സുലൈമാന്‍ തീ കൊളുത്തിയാണ് കൊന്നത്. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാനായിരുന്നു ആസൂത്രിത കൊലപാതകം. ഡീസല്‍ തലേന്നു വാങ്ങി സൂക്ഷിച്ചതായി സഹദിന്റെ മുത്തശി സെഫിയ പറഞ്ഞു. മകനെ നിരന്തരം സുലൈമാന്‍ നോവിക്കാറുണ്ടെന്ന് മുത്തശി പറയുന്നു.

കൊലപാതകത്തിനു ശേഷം മുങ്ങാന്‍ ശ്രമിച്ച സുലൈമാനെ നാട്ടുകാര്‍ പിടികൂടി കുന്നംകുളം പൊലീസിന് കൈമാറിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൊലയാളിയായ സുലൈമാനെ നാട്ടുകാര്‍ അരിശത്തോടെയാണ് നേരിട്ടത്. പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഭിന്നശേഷിക്കാരനായ മകനെ കൊന്ന സുലൈമാനോട് പൊറുക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് സുലൈമാന്റെ കുടുംബം. ഭാര്യയുടെ അമ്മയും ഇവര്‍ക്കൊപ്പമായിരുന്നു താമസം. വീട്ടുജോലിയ്ക്കു പോയാണ് ഭാര്യയും അമ്മയും കുടുംബം പോറ്റിയിരുന്നത്. ബാഗ് നിര്‍മാണ യൂണിറ്റില്‍ ഉണ്ടായിരുന്ന പണി ഉപേക്ഷിച്ച് സുലൈമാന്‍ വെറുതെയിരിക്കലാണ് പതിവ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.