വിളിച്ചാല്‍ എം.ഡി.എം.എ വിളിപ്പുറത്തെത്തിക്കും; അവസാന കോൾ കൊരട്ടി ഇന്‍സ്പെക്ടറിൽ നിന്ന്; പിന്നീട്..

വിളിച്ചാല്‍ ഉടന്‍ ബൈക്കില്‍ എം.ഡി.എം.എയുമായി ആവശ്യക്കാരുടെ തൊട്ടടുത്തേയ്ക്ക് എത്തുന്ന ദമ്പതികള്‍ അറസ്റ്റില്‍. കൊരട്ടി പൊലീസാണ് വിദഗ്ധമായി MDMA വില്‍പന വണ്ടിയുമായി ദമ്പതികളെ പിടികൂടിയത്. എപ്പോള്‍ വിളിച്ചാലും MDMA വിളിപ്പുറത്തെത്തുന്ന ദമ്പതികളെക്കുറിച്ച് വിവരം കിട്ടിയത് കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണിനാണ്. 

കിട്ടിയ ഫോണ്‍ നമ്പറില്‍ ഇന്‍സ്പെക്ടര്‍ വിളിച്ചു. എം.ഡി.എം.എ ആവശ്യപ്പെട്ടു. രണ്ടു ഗ്രാമിന് വില പതിനായിരം രൂപ. കച്ചവടം ഉറപ്പിച്ചു. അര്‍ധരാത്രിയോടെ കൊരട്ടിയില്‍ എത്താമെന്ന് ഉറപ്പുനല്‍കി. മഫ്തിയില്‍ പൊലീസ് കാത്തുനിന്നു. ബൈക്കില്‍ രണ്ടു പേര്‍ എത്തി. എം.ഡി.എം.എ. കാണിച്ചു. കയ്യോടെ അറസ്റ്റ് ചെയ്തു. കൂര്‍ക്കഞ്ചേരി സ്വദേശി അജ്മലായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പിന്നില്‍ യാത്ര ചെയ്തിരുന്നതാകട്ടെ കൂര്‍ക്കഞ്ചേരി സ്വദേശി പവിത്ര. ഇരുവരും കുറേക്കാലമായി ഒന്നിച്ചു ജീവിക്കുകയാണ്. അജ്മല്‍ കഞ്ചാവ് കേസിലെ പ്രതിയാണ്. സെയില്‍സ്മാനായി ജോലി ചെയ്യുന്നു. പവിത്ര ബ്യൂട്ടിഷ്യനാണ്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പോക്സോ കേസിലെ പ്രതി കൂടിയാണ് പവിത്ര. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ക്കു സൗകര്യം ഒരുക്കിയെന്നാണ് കുറ്റം. ഇവര്‍ക്ക് എം.ഡി.എം.എ. വിറ്റ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ഉടന്‍ പിടിയിലാകും.

ബൈക്കില്‍ നൈറ്റ് റൈഡിനു പോകുന്നവരാണെന്ന ്പറഞ്ഞാണ് പൊലീസ് പരിശോധനയില്‍ രക്ഷപ്പെടാറുള്ളത്. രാവും പകലും കച്ചവടം പൊടിപൊടിക്കാറുണ്ട്. ബൈക്കില്‍ വരുന്ന ദമ്പതികളെ ചിലപ്പോള്‍ പൊലീസ് പരിശോധനയില്‍ ഒഴിവാക്കാറുണ്ട്. ഇതു മുതലാക്കിയാണ് എം.ഡി.എം.എ. കച്ചവടം തകൃതിയായി നടന്നത്.