എഴുപത്തിയെട്ട് ചാക്കുകളിൽ പുകയില ഉത്പന്നങ്ങൾ; രണ്ടുപേർ അറസ്റ്റിൽ

അങ്കമാലി ടിബി ജംഗ്ഷനിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്ത പൊലീസ് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു. അതിനിടെ എറണാകുളം റൂറലിൽ ലഹരിമരുന്ന് അടക്കമുള്ളവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് മൂന്ന് ദിവസമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ പൊലീസ് അമ്പത്തിരണ്ട് കേസ് റജിസ്റ്റർ ചെയ്തു. വിഡിയോ റിപ്പോർട്ട് കാണാം

നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച മാറമ്പള്ളി സ്വദേശികളായ അബ്ദുൽ ജബ്ബാർ , ഹുസൈൻ അബ്ദുൽ റഷീദ് എന്നിവരാണ്‌ അറസ്റ്റിലായത്. പെരുമ്പാവൂരിലെ അതിഥിത്തൊഴിലാളികൾക്ക് വിൽക്കാൻ പാലക്കാട്ടുനിന്ന് എഴുപത്തിയെട്ട് ചാക്കുകളിലാക്കിയാണ്‌  അമ്പത്തിയെണ്ണായിരത്തിലധികം പായ്ക്കറ്റ്  നിരോധിത പുകയില ഉൽപ്പന്നം എത്തിച്ചത്.   ബെംഗളൂരുവിൽ  പത്ത് രൂപക്ക് ലഭിക്കുന്ന ഇവ പെരുമ്പാവൂരിൽ  50 രൂപയിലധികം ഈടാക്കിയാണ്  വിറ്റഴിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.  ബെംഗളൂരുവിൽനിന്ന് പാലക്കാട്ടെത്തിച്ച്  വാഹനത്തിൽ മാറ്റിക്കയറ്റിയാണ് ഹാൻസ് കൊച്ചിയിൽ കൊണ്ടുവന്നത്. 

എട്ടുലക്ഷം രൂപക്കാണ് വാങ്ങിയതെന്നും മറിച്ചുവിറ്റാൽ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. സ്പെഷൽ ഡ്രൈവിൽ റജിസ്റ്റർ ചെയ്ത അമ്പത്തിരണ്ട് കേസിൽ ലഹരിമരുന്ന് നിരോധന നിയമ പ്രകാരം 8 കേസുകളും, അബ്കാരി നിയമ പ്രകാരം 14 കേസുകളും, നിരോധിത പുകയില ഉത്പന്നങ്ങൾ വില്‍പ്പന നടത്തിയതിന് 30 കേസുകളുമാണ് റജിസ്റ്റര്‍ ചെയ്തത്. ഡ്രൈവിന്‍റെ ഭാഗമായി മുൻ കാലങ്ങളിൽ പ്രതികളായിട്ടുള്ളവരെ നിരീക്ഷണ വിധേയമാക്കിയിരുന്നു.  സമൂഹമാധ്യമങ്ങളിലൂടെയുള്ള ലഹരിവിൽപനയും പൊലീസ് നിരീക്ഷണത്തിലാണ്.