വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; അന്വേഷണം

കൊല്ലം ചടയമംഗലത്ത് വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. കള്ളിക്കാട് സ്വദേശി അശ്വതിയാണ് മരിച്ചത്. പ്രസവവേദനയുണ്ടായെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽവച്ച് പ്രസവമെടുക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടങ്ങി.

വേദന അനുഭവപ്പെട്ട് അശ്വതി രാത്രി ഒന്നിനാണ് വീട്ടില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. ഇൗസമയം കുടിക്കാന്‍ വെളളം ചോദിക്കുകയും വെളളം കുടിച്ച ശേഷം കുഴഞ്ഞ‍ുവീണെന്നുമാണ് ഭര്‍ത്താവ് അനില്‍ പറയുന്നത്. പ്രസവത്തോടൊപ്പം കുഞ്ഞും മരിച്ചു. വിവരം പുലർച്ചയോടെയാണ് അനിൽ നാട്ടുകാരെ അറിയിച്ചത്. സമീപമുളള ചായക്കടയിലെത്തി വിവരം പറയുകയായിരുന്നു.

അഞ്ച് മാസം മുന്‍പ് വരെ അശ്വതി ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും പിന്നീട് പോയിട്ടില്ല. ആരും തിരിഞ്ഞുനോക്കിയ‌തും ഇല്ല. അശ്വതി ഇതിന് മുന്‍പും വീട്ടില്‍ പ്രസവിച്ചതായും കുഞ്ഞ് മരിച്ചതായും നാട്ടുകാര്‍ പൊലീസിന് വിവരം നല്‍‌കിയിട്ടുണ്ട്. അശ്വതിയുടെയും കുഞ്ഞിന്റെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി.

Mother and New born baby death