യൂട്യൂബ് നോക്കി തോക്ക് നിർമാണം; ലക്ഷ്യം പണം; യുവാക്കൾ പിടിയിൽ

യൂട്യൂബ് നോക്കി തോക്കുണ്ടാക്കി വില്‍പന നടത്തി പണക്കാരാവാന്‍ ശ്രമിച്ച യുവാക്കളെ പൂട്ടി എന്‍.ഐ.എ. കഴിഞ്ഞ മേയില്‍ സേലം ഓമല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കെതിരെയാണ് എന്‍.ഐ.എ നടപടി തുടങ്ങിയത്. ഇവരുടെ വീടുകളിലും തോക്കുണ്ടാക്കാനായി ഫാക്ടറി സ്ഥാപിച്ച സ്ഥലത്തും എന്‍.ഐ.എ റെയ്ഡ് നടത്തി.

സേലം എരുമപ്പാളയം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി സഞ്ജയ് പ്രകാശ് എന്നിവരെ മേയ് 20നാണ് ഓമല്ലൂര്‍ പൊലീസ് പിടികൂടുന്നത്. രാത്രികാല പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ ഇരുവരുടെയും പെരുമാറ്റത്തിലെ പന്തികേട് കണ്ടു പരിശോധിക്കുകയായിരുന്നു. ഇവരുടെ ബാഗ് തുറന്ന പൊലീസ് ഞെട്ടി. കൈത്തോക്ക്, ഇരട്ടക്കുഴല്‍ തോക്ക്, പാതി നിര്‍മാണം പൂര്‍ത്തിയായ മറ്റൊരു തോക്ക്, കത്തികള്‍, മുഖം മൂടികള്‍ തുടങ്ങി വന്‍ആയുധശേഖരം പിടിച്ചെടുത്തു. ചോദ്യം ചെയ്തപ്പോഴാണു വാണിജ്യാടിസ്ഥാനത്തില്‍ തോക്കുനിര്‍മാണമാണു യുവാക്കളുടെ തൊഴിലെന്നു വെളിപ്പെട്ടത്. 

യുട്യൂബ് ടൂട്ടോറിയല്‍ നോക്കി തോക്കുണ്ടാക്കിയതു വിജയകരമായതോടെയാണു നവീനും സഞ്ജയും ഇതൊരു വരുമാന മാര്‍ഗമാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നു വീടു വാടകയ്ക്കെടുത്ത് ഉപകരണങ്ങളെല്ലാം സജീകരിച്ചു ചെറിയ ഫാക്ടറിയും പണിതു.  ആവശ്യക്കാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പും ഉണ്ടാക്കി. ഇങ്ങനെ നിര്‍മിച്ച തോക്ക് ആവശ്യക്കാരനു കൈമാറാന്‍ പോകുമ്പോഴാണു പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കു സഹായങ്ങള്‍ നല്‍കിയ കപിലന്‍ എന്നയാളും അറസ്റ്റിലായി. കേസില്‍ എന്‍.ഐ.എ നേരത്തെ പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. തുടര്‍ന്നാണു മൂവരുടെയും വീടുകളിലും തോക്ക് നിര്‍മാണ സ്ഥലത്തും  ഇന്ന് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. കൂടാതെ ഇവരുമായി ബന്ധമുണ്ടെന്നു കരുതുന്ന സേലം സന്യാസിഗുണ്ട്, ധര്‍മ്മപാളയം എന്നിവടങ്ങളിലും റെയ്ഡ് നടന്നു. 

NIA raids house of gun manufacturing case accused in Salem