ബസിന് മുകളില്‍ പൂത്തിരി കത്തിച്ച കൊമ്പന്‍ ഗ്രൂപ്പിന് നിസാരശിക്ഷ; തുടരുന്ന നിയമലംഘനം

വിവാദങ്ങള്‍ ഉയരുമ്പോള്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുന്ന നടപടികള്‍ പാതിവഴിയില്‍ അവസാനിപ്പിക്കുന്നതാണ് ടൂറിസ്റ്റ് ബസുകളുടെ നിയമവിരുദ്ധ നടപടികള്‍ക്ക് വളംവയ്ക്കുന്നത്. ബസിന് മുകളില്‍ തീ കത്തിച്ചതടക്കം ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയ കൊമ്പന്‍ ഗ്രൂപ്പിന്റെ ബസുകള്‍ പോലും നിയമലംഘന സര്‍വീസുകള്‍ തുടരുകയാണ്. നിസാര പിഴയില്‍ നടപടി ഒതുക്കിയതാണ് അവര്‍ മുതലെടുത്തത്. പാലക്കാട് അപകടത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ ഒതുങ്ങിയാല്‍ വീണ്ടും പഴയപടി സര്‍വീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്ററുടെ  പ്രതിനിധി പറഞ്ഞു.

വിനോദയാത്രക്ക് മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചാഘോഷം. ഒന്നടങ്കം കത്തി നശിക്കാതെ രക്ഷപെട്ടത് ഭാഗ്യംകൊണ്ട്. ഏതാനും മാസം മുന്‍പ് കൊമ്പന്‍ എന്ന ബസില്‍ നടന്ന ഈ അമിതാഘോഷത്തോടെയാണ് ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം ചര്‍ച്ചയായത്. ഹൈക്കോടതി പോലും കേസെടുത്തു. 

റിപ്പോര്‍ട്ടര്‍: കാര്യവട്ടത്ത് നിന്നാണ് വിളിക്കുന്നത്. ബസ് ബുക്ക് ചെയ്യാനായിരുന്നു.

ഓഫീസ് ജീവനക്കാരി: ഞങ്ങളുടെ ബസ്  ഇപ്പോള്‍ ഫുള്‍ ബുക്കിങ്ങാണ്

റിപ്പോര്‍ട്ടര്‍: നിങ്ങള്‍ക്ക് ഇപ്പോള്‍ ഓടുന്നതിന് പ്രശ്നം വല്ലതുമുണ്ടോ ?നേരത്തെ നിങ്ങള്‍ക്കെതിരെ കേസും പ്രശ്നങ്ങളുമുണ്ടായിരുന്നല്ലോ?

ഓഫീസ് ജീവനക്കാരി: ചാനലുകാര്‍ ഇളക്കിവിട്ട പ്രശ്നങ്ങളേ ഉള്ളു. നമ്മള്‍ തീപ്പൊരി കത്തിച്ചതൊന്നും അല്ല. ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായപ്പോള്‍ സംഭവിച്ചതാണ്.  കേസ് പോലും എടുത്തില്ല. പെറ്റി അടച്ച് എല്ലാം അവസാനിപ്പിച്ചു. പക്ഷെ ഇപ്പോള്‍ ഒരു അപകടം നടന്നില്ലേ. അതിന്റെ പ്രശ്നം നടക്കുന്നതിനാല്‍ നമ്മള്‍ ഉടനെ ഓട്ടം എടുക്കുന്നില്ല

റിപ്പോര്‍ട്ടര്‍: എത്ര ദിവസത്തേക്കാണ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്?

ഓഫീസ് ജീവനക്കാരി: മൂന്നോ നാലോ ദിവസത്തേക്കേ പ്രശ്നമുള്ളു. കാരണം എല്ലാവരുടെയും ശ്രദ്ധ നമ്മുടെ വണ്ടിയിലാരിക്കും

റിപ്പോര്‍ട്ടര്‍: അതു കഴിഞ്ഞാല്‍ നമുക്ക് പഴയത് പോലെ ലൈറ്റും സൗണ്ടുമൊക്കെയിട്ട്  പോകുന്നതിന് പ്രശ്നമുണ്ടാകില്ലല്ലോ അല്ലേ?

ഓഫീസ് ജീവനക്കാരി: ഇല്ല..ഇല്ല. ദൈവം സഹായിച്ച് നമ്മുടെ വണ്ടിക്ക് പ്രശ്നമൊന്നുമില്ല.  

അതായത് പഴയപടി സര്‍വീസ് തുടരാന്‍ അവര്‍ തയാറാണ്. നടത്തുന്നുമുണ്ട്, അതുമാത്രവുമല്ല പൂത്തിരി കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഇപ്പോഴും യാത്രക്കാരെ ആകര്‍ഷിക്കുന്നുമുണ്ട്.

ഇനി ഇവര്‍ക്കെതിരെ കൊട്ടിഘോഷിച്ച് തുടങ്ങിയ നടപടികളുടെ അവസ്ഥ നോക്കാം. പൂത്തിരി കത്തിച്ച കേസില്‍ ഡ്രൈവര്‍മാരടക്കം നാല് ജീവനക്കാരെ അറസ്റ്റ് ചെയ്തു. അന്ന് തന്നെ ജാമ്യത്തില്‍ വിട്ടു. അവരെല്ലാം ഇപ്പോഴും വണ്ടിയോടിക്കുന്നു. പൂത്തിരി കത്തിച്ച ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തല്‍കാലത്തേക്ക് റദ്ദാക്കി. മറ്റൊരു ബസിന് മുപ്പത്തിയാറായിരം രൂപ പിഴയീടാക്കി. പിഴയടച്ചപ്പോള്‍ വീണ്ടും ഓടാന്‍ അനുവാദവും കൊടുത്തു.

ഇതിന് പുറമെ അന്ന് മോട്ടോര്‍ വാഹനവകുപ്പ് ഓപ്പറേഷന്‍ ഫോക്കസ് എന്ന പേരില്‍ സംസ്ഥാന വ്യാപക പരിശോധന നടത്തി. അതുവഴി പിഴയിനത്തില്‍ 26.5 ലക്ഷം രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. വിവാദങ്ങളുണ്ടാകുമ്പോള്‍ നടത്തുന്ന പരിശോധനകള്‍ സര്‍ക്കാരിന്റെ ഖജനാവ് വീര്‍പ്പിക്കുന്നതിനപ്പുറം നിയമലംഘനം ഇല്ലാതാക്കാനോ, സുരക്ഷ ഉറപ്പാക്കാനോ സഹായിക്കില്ലെന്ന തെളിയിക്കുകയാണ് കൊമ്പന്‍മാരുടെയും അസുരന്‍മാരുടെയും തേരോട്ടം.

Violation of tourist buses continues; No legal action