ഏഴു മാസമായി അബോധാവസ്ഥയിൽ; കുഞ്ഞിന് സ്വാഭാവിക പ്രസവത്തിലൂടെ ജന്മം നൽകി യുവതി

സ്കൂട്ടർ അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ് ഏഴുമാസമായി ബോധരഹിതയായി തുടരുന്ന 23കാരി കുഞ്ഞിന് ജൻമം നൽകി. യുപിയിലെ ബുലന്ദ്ശഹര്‍ സ്വദേശിനിയാണ് കുഞ്ഞിന് സ്വാഭാവിക പ്രസവത്തിലൂടെ ജന്മം നൽകിത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് ഏഴുമാസം മുൻപ് യുവതി അപകടത്തിൽപ്പെടുന്നത്. തലയുടെ പരുക്ക് ഗുരുതരമായതോടെ ബോധം പിന്നീട് തിരികെ വന്നില്ല. ഇപ്പോള്‍ ഡല്‍ഹി എയിംസില്‍ വച്ചാണ് ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കിയത്‍. അമ്മയായ കാര്യവും കുഞ്ഞു മകളുടെ മുഖവും അവര്‍ക്ക് തിരിച്ചറിയാനായിട്ടില്ല.

ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനാല്‍ അവരുടെ തലക്കേറ്റ പരുക്കുകള്‍ അതീവ ഗുരുതരമാവുകയായിരുന്നു. കണ്ണുകള്‍ തുറന്നെങ്കിലും പ്രതികരണ ശേഷി കൈവന്നില്ല. അവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ അവരുടെ ജീവിതം തന്നെ മറ്റൊന്നാകുമായിരുന്നു എന്നാണ് എയിംസിലെ ന്യൂറോ സര്‍ജറി വിഭാഗം പ്രൊഫ. ദീപക് ഗുപ്ത പറഞ്ഞത്.

അപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച യുവതിയെ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ആദ്യ ദിവസങ്ങളില്‍ കിടത്തിയിരുന്നത്. പിറ്റേന്നു തന്നെ യുവതിയുടെ ക്ഷതമേറ്റ മസ്തിഷ്‌കത്തിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നാല് ആഴ്ചക്കുള്ളില്‍ മറ്റൊരു ശസ്ത്രക്രിയ നടത്തിയ ശേഷമാണ് വെന്റിലേറ്റര്‍ മാറ്റിയത്. മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 15 വരെയുള്ള സമയത്ത് അഞ്ച് ന്യൂറോ സര്‍ജറികള്‍ക്ക് യുവതി വിധേയയായി.

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ എയിംസിലേക്ക് എത്തിക്കുമ്പോള്‍ യുവതി 40 ദിവസം ഗര്‍ഭിണിയായിരുന്നു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകള്‍ അവരെ പരിശോധിച്ചപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് കുഴപ്പമില്ലെന്ന് മനസിലായി. ഗര്‍ഭം അലസാനുള്ള ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും കുഞ്ഞ് ആരോഗ്യത്തോടെ തുടരുകയും ചെയ്തതോടെ തീരുമാനം ഭര്‍ത്താവിനും യുവതിയുടെ കുടുംബത്തിനും വിട്ടു. യുവതിയുടെ ഭര്‍ത്താവ് ഗര്‍ഭവുമായി മുന്നോട്ടു പോവാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ സാധാരണ പ്രസവമാണ് നടന്നത്. അതേസമയം ബോധരഹിതയായി തുടരുന്നതിനാല്‍ യുവതിക്ക് കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവില്ല. അതുകൊണ്ട് കുഞ്ഞിന് കുപ്പിപാലാണ് നല്‍കുന്നത്. ഭാര്യ ബോധരഹിതയായി കിടക്കുന്നതിനാല്‍ ഡ്രൈവറായിരുന്ന ഭര്‍ത്താവിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു.