‘2 കോടി ചെലവ്, 100% നവീകരിച്ചു, 10 വർഷം നിൽക്കും’: എന്നിട്ടും ജീവനെടുത്ത് പാലം

ഗുജറാത്തിലെ മോർബിയയിൽ 140ൽ അധികം പേരുടെ മരണത്തിന് ഇടയാക്കി തകർന്ന തൂക്കുപാലം നവീകരിച്ചത് അത്യാധുനിക സാങ്കേതിക സവിശേഷതകളോടെയാണെന്ന് സ്വകാര്യ കമ്പനി. ഇത്തരം സാങ്കേതികതയോടെ നിർമിച്ച പാലം എട്ടു മുതൽ പത്തു വർഷം വരെ യാതൊരു പ്രശ്നവുമില്ലാതെ നിലനിൽക്കുമെന്ന് ഓവേറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്സുഖ്ഭായി പട്ടേൽ അറിയിച്ചിരുന്നു.

ഏഴു മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം പാലം ഔദ്യോഗികമായി തുറക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപു നടത്തിയ വാർത്താസമ്മേളനത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമിച്ച 140 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 6 മാസം അടച്ചിട്ടിരുന്നു. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിനു ശേഷം 4 ദിവസം മുൻപാണു തുറന്നത്.

‘ജനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച് നാശനഷ്ടങ്ങൾ വരുത്താതിരുന്നാൽ ഇപ്പോൾ നവീകരിച്ച പാലം 15 വർഷം വരെ നിലനിൽക്കും’ എന്നാണ് ഒവേറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അറിയിച്ചത്. 100 ശതമാനവും നവീകരിച്ചെന്നും രണ്ടു കോടി രൂപ മുതൽമുടക്കിയെന്നും അദ്ദേഹം അറിയിച്ചു. പ്രവേശനം പരിമിതപ്പെടുത്താനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രവേശന ഫീസ് ഈടാക്കുമെന്നും പറഞ്ഞിരുന്നു. 

അതേസമയം, ജനങ്ങൾ കൂട്ടത്തോടെ ഇടിച്ചു കയറിയതാണ് തൂക്കുപാലം തകരാൻ കാരണമെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. അമിതഭാരം പാലത്തിന്റെ ഘടനാപരമായ സമഗ്രതയെ ദുർബലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.