മോര്‍ബി പാലം ദുരന്തം മനുഷ്യനിര്‍മിതം?; യുവാക്കൾ പാലം പിടിച്ചുകുലുക്കിയെന്ന് രക്ഷപെട്ടവര്‍

ഗുജറാത്തിലെ മോര്‍ബിയില്‍ 134 പേര്‍ കൊല്ലപ്പെട്ട തൂക്കുപാലം ദുരന്തത്തില്‍ നിര്‍ണായകവെളിപ്പെടുത്തല്‍. പാലത്തിലുണ്ടായിരുന്ന ചില യുവാക്കള്‍ അതിശക്തമായി പാലം പിടിച്ച് കുലുക്കിയാണ് അപകടത്തിന് കാരണമെന്ന് ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമി പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് ദീപാവലി അവധി ആഘോഷിക്കാനായി ഗോസ്വാമി കുടുംബത്തോടൊപ്പം തൂക്കുപാലത്തിലെത്തിയത്. പാലത്തിന്റെ മധ്യഭാഗത്തെത്താറായപ്പോള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ പാലം പിടിച്ചുകുലുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പേടി കാരണം അവര്‍ അപ്പോള്‍ത്തന്നെ തിരിച്ചിറങ്ങുകയായിരുന്നു.

‘പാലത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. ഞങ്ങള്‍ ന‌ടുക്കെത്താറായപ്പോഴാണ് ഒരുകൂ‌ട്ടം യുവാക്കള്‍ പാലം  മനപ്പൂര്‍വം കുലുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വീഴാതിരിക്കാനായി ആളുകള്‍ക്ക് എവിടെയെങ്കിലും പിടിച്ചു നില്‍ക്കാതെ തരമില്ലായിരുന്നു. അത്രയ്ക്ക് ശക്തമായാണ് അവര്‍ പാലം കുലുക്കിയത്. പാലത്തില്‍ തുടരുന്നത് അപകടമാണെന്ന് മനസിലാക്കി ഞാനും കുടുംബവും തിരിച്ചിറങ്ങുകയായിരുന്നു. അധികംവൈകാതെ പാലം തകര്‍ന്നു വീണു.'' വിജയ് ഗോസ്വാമി പറഞ്ഞു.

യുവാക്കളുടെ ചെയ്തികള്‍ പാലത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ അവഗണിച്ചെന്ന് ഗോസ്വാമി പറഞ്ഞു. പാലത്തിലേക്കുള്ള ടിക്കറ്റ് നല്‍കുന്നതില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനമില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി.

ഏഴു മാസം നീണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അഞ്ചുദിവസം മുന്‍പാണ് പാലം തുറന്നുകൊടുത്തത്. ദീപാവലി അവധിയായതിനാല്‍ ഒട്ടേറെ കുട്ടികളും പാലത്തിലെത്തിയിരുന്നു. പൊട്ടിവീഴുമ്പോള്‍  പാലത്തില്‍ മുന്നൂറിലധികം ആളുകള്‍ ഉണ്ടായിരുന്നെന്ന് രക്ഷപ്പെട്ട മേഹുല്‍ രാവല്‍ പറഞ്ഞു. പാലം തകര്‍ന്നയുടന്‍ എല്ലാവരും വെള്ളത്തിലേക്ക് തെറിച്ചു വീണു.  തിരക്ക് നിയന്ത്രിക്കാത്തതാണ് പാലം തകരാന്‍ കാരണമെന്നും മോര്‍ബി സിവില്‍ ആശുപത്രിയില്‍  ചികിത്സയിലുള്ള രാവല്‍ പറഞ്ഞു.

അപകടത്തില്‍ 134 മരണം സ്ഥിരീകരിച്ചു. കാണാതായവര്‍ക്കുവേണ്ടി നദിയില്‍ തിരച്ചില്‍ തുടരുകയാണ്. 1979ലെ മച്ഛു ഡാം ദുരന്തത്തെ ഓര്‍മിപ്പിക്കുന്നതാണ് മോര്‍ബി അപകടമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ അണക്കെട്ട് ദുരന്തമായിരുന്നു 1979 ആഗസ്റ്റ് പതിനൊന്നിനു നടന്ന  മച്ഛു ഡാം ദുരന്തം. ആയിരക്കണക്കിനാളുകള്‍ക്കാണ്  മച്ഛു ഡാം ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.