ഗുജറാത്തിൽ തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 132 ആയി; തിരച്ചിൽ

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 132 ആയി. ഇനിയും ഏതാനുംപേരെ കണ്ടെത്താനുണ്ടെന്ന് NDRF അറിയിച്ചു. തൂക്കുപാലം അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പരിധിക്കപ്പുറം ആളുകൾ കയറിയതും ഒരുകൂട്ടം ആളുകൾ മനഃപൂർവം തൂക്കുപാലം കുലുക്കിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

മച്ചു നദിക്കുകുറുകെയുള്ള തൂക്കുപാലം അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങളാണിത്. കേബിൾ പൊട്ടി പാലം ആളുകളുമായി താഴേയ്ക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന്  മോർബി മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു. കരാർ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. 150 പേർക്ക് ടിക്കറ്റ് നൽകേണ്ട സ്ഥാനത്ത് 675 പേർക്ക് ടിക്കറ്റ് നൽകിയെന്നും കണ്ടെത്തി. 

മൂന്ന് സായുധസേനകളും തീരസംരക്ഷണ സേനയും സംസ്ഥാന- ദേശീയ ദുരന്ത നിവാരണസേനകളും അഗ്നിശമനവിഭാഗവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നത്. ഗുജറാത്ത്‌ ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌ വി അപകടസ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകുന്നു. സർക്കാർ അഞ്ചംഗ ഉന്നതല  അന്വേഷണവും പ്രഖ്യാപിച്ചു. പുനർനിർമാണത്തിന് പിന്നാലെ പാലം തകർന്നതിലും കൂടുതൽ ആളുകൾ പാലത്തിൽ കയറിയതിലും കോൺഗ്രസ്‌ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു.