കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം: അന്വേഷണം എന്‍ഐഎയ്ക്ക്

കോയമ്പത്തൂര്‍ കാർ ബോംബ് സ്ഫോടനക്കേസ് എന്‍ഐഎയ്ക്കു കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. രാജ്യാന്തര ബന്ധമുണ്ടെന്നു സംശയിക്കുന്നുവെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു തമിഴ്നാട് മുഖ്യമന്ത്രി കത്തുനല്‍കി. മുതിര്‍ന്ന എൻഐഎ ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അതേസമയം, കൊല്ലപ്പെട്ടയാള്‍ ചാവേര്‍ ആക്രമണത്തിനു ലക്ഷ്യമിട്ടെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിനു ലഭിച്ചു. ബോംബ് സ്ഫോടനം നടക്കുന്നതിനു തലേദിവസം മരണവിവരം അറിയുമ്പോള്‍  തെറ്റുകള്‍ പൊറുത്തുമാപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള ജെമീഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസാണു അന്വേഷണ സംഘം കണ്ടെടുത്തത്. വിഡിയോ റിപ്പോർട്ട് കാണാം. 

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചീഫ്സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരുടെ യോഗത്തിലാണു കേസ് എന്‍ഐഎയ്ക്കു കൈമാറാന്‍ തീരുമാനിച്ചത്. രാജ്യാന്തര ബന്ധങ്ങളുള്ള കേസാണിതെന്നു സംശയിക്കുന്നതായി േകന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയ കത്തിലുണ്ട്. യോഗത്തിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കോയമ്പത്തൂരിലെത്തിയ എന്‍ഐഎ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തിരുന്നു.  കോയമ്പത്തൂര്‍ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കരിമ്പുക്കട, സുന്ദരപുരം, ഗൗണ്ടംപാളയം എന്നിവടങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെയാണു എന്‍ഐഎ ഡിഐജി. കെ.ബി. വന്ദന, എസ്.പി ശ്രീജിത്ത് എന്നിവര്‍ കോയമ്പത്തൂരിലെത്തിയത്. ഇവര്‍ അന്വേഷണ സംഘത്തലവന്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. കേസ് അടുത്ത ദിവസം എന്‍ഐഎ ഔദ്യോഗികമായി ഏറ്റെടുക്കും. 

അതേസമയം, സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്‍ ചാവേര്‍ ആക്രമണമാണ് ലക്ഷ്യമിട്ടതെന്ന സൂചന നല്‍കുന്ന വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണ സംഘം കണ്ടെടുത്തു.  മരണം ഉറപ്പിച്ച രീതിയിലുള്ള വാക്കുകള്‍ സ്ഫോടനത്തിനു തലേദിവസമാണ് ഇയാള്‍ സ്റ്റാറ്റസാക്കിയത്.  എന്റെ മരണവിവരം അറിയുമ്പോള്‍ ക്ഷമിക്കുക, തെറ്റുകള്‍ക്കു പൊറുക്കുക. സംസ്കാര ചടങ്ങില്‍ പങ്കെടുത്തു പ്രാര്‍ഥിക്കുക എന്നിങ്ങനെയായിരുന്നു വരികള്‍. അറസ്റ്റിലായ മുഹമ്മദ് തന്‍ഹ നിരോധിത സംഘടനയായ അല്‍ ഉമ്മ സ്ഥാപകന്‍ കെ.ബി ബാഷയുടെ സഹോദര പുത്രനാണ്. ഈ സംഘടനയ്ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. തന്‍ഹായാണു ജമേഷ മുബീന് കാറ് എത്തിച്ചുനല്‍കിയത്. 70 കിലോ സ്ഫോടക വസ്തുക്കള്‍ മുബീന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തിരുന്നു. ഇത്രയും അധികം  സ്ഫോടക വസ്തുക്കള്‍ എങ്ങനെ ശേഖരിച്ചെന്നും പൊലീസ് സംഘം തിരക്കുന്നുണ്ട്. 

Story Highlights: Tamil Nadu govt recommends NIA probe in Coimbatore car blast