75 ദിവസത്തെ ബില്ല് 6.86 കോടി; ആശുപത്രി ആര്‍ഭാടം; ജയയുടെ മരണത്തിന് പിന്നിൽ

'തമിഴ്നാടിന്റെ 'അമ്മ' മുൻ മുഖ്യമന്ത്രി ജെ.ജയലളിത എങ്ങനെയാണു മരിച്ചതെന്ന് ഈ ലോകത്തെ ഞങ്ങൾ അറിയിക്കും..' കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഡിഎംകെയും എം.കെ സ്റ്റാലിനും ജനത്തിന് മുന്നിൽ വച്ച വാഗ്ദാനങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു. തമിഴകത്തിന്റെ കുലപതികൾ പോരടിച്ച പതിറ്റാണ്ടുകളിൽ, ശത്രുത പരസ്പരം  ചൊരിഞ്ഞ നേർചിത്രങ്ങളെ എല്ലാം അപ്രസക്തമാക്കുന്നതായിരുന്നു ഡിഎംകെയുടെ ഈ ജയലളിതാ സ്നേഹം. ജയിക്കാൻ പയറ്റുന്ന അടവ് എന്ന തരത്തിൽ മാത്രം കണ്ടിരുന്ന ആ ഉറപ്പ് പക്ഷേ ഇപ്പോൾ സത്യമായിരിക്കുന്നു. സ്റ്റാലിൻ അധികാരമേറ്റ് രണ്ടുവർഷത്തിനുളളിൽ തന്നെ ജയലളിതയുടെ മരണം സംബന്ധിച്ച ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. സ്വന്തം നിഴലുപോലെ വിശ്വസിച്ച് പതിറ്റാണ്ടുകൾ ജയലളിത കൂടെ നിർത്തിയ വി.കെ.ശശികലയാണ് പ്രതിക്കൂട്ടില്‍. ചികിൽസ നിഷേധിച്ച് അവരെ മരണത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ.. എന്ന് ആരും പറഞ്ഞുപോകുന്ന വിധമുള്ള അന്വേഷണ റിപ്പോർട്ട്.

പതിനായിരങ്ങൾ കണ്ണീരോടെ അവസാനമായി ഒരുനോക്ക് കാണാൻ ഇരച്ചെത്തി. അമ്മയുടെ മരണം അറിഞ്ഞ് ചിലർ ജീവനൊടുക്കി. നെഞ്ചിലടിച്ച് കരഞ്ഞ് അലമുറയിട്ട് ആ ശവപേടകത്തിലേക്ക് എല്ലാം നഷ്ടപ്പെട്ടെന്ന പോലെ ഇരുകയ്യും ഉയർത്തി നിന്ന നിസ്സഹായരായ ആയിരങ്ങൾ.. രാഷ്ട്രീയത്തിനപ്പുറം തമിഴ്നാടിന്റെ എല്ലാമെല്ലാം മറീന ബാച്ചിൽ മറയുന്നത് വരെ അണമുറിയാതെ ഒഴുകിയെത്തി ജനങ്ങൾ.. ആൺവാഴ്ചയുടെ അതിപ്രസരകാലത്തും തമിഴകത്തെ വിരൽത്തുമ്പിലിട്ട് അമ്മാനമാടിയ ജയലളിത ജയരാമൻ സായം സന്ധ്യയിൽ ഇരമ്പുന്ന കടലിനെ നിത്യസാക്ഷിയാക്കി ചന്ദനപെട്ടിയിൽ മറീനയുടെ മണ്ണാഴങ്ങളിലേക്ക് അലിഞ്ഞുചേർന്നു. വർഷങ്ങൾക്ക് ശേഷം ആ മരണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഞെട്ടൽ എന്നല്ലാതെ മറ്റൊന്നും രാജ്യത്തിന് പറയാനില്ല. ജയലളിതയുടെ ജീവിതം പോലെ തന്നെ ഒന്നും എവിടെയും അവസാനിച്ചില്ല എന്ന് മരണത്തിന് ശേഷവും അവർ പറയാതെ പറയുന്നു. സ്റ്റാലിൻ സർക്കാർ പുറത്തുവിട്ട ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിലെ വിവരങ്ങൾ അത്രമാത്രം അണ്ണാ ഡിഎംകെയെ ഉലയ്ക്കുന്നതാണ്.തിരുവായ്ക്ക് എതിർവാ ഇല്ലാതെ ഭരിക്കാമെന്ന് ജനാധിപത്യത്തിന്റെ പുഷ്കല കാലത്തും രാജ്യത്തിന് കാണിച്ചുതന്ന ജയയെ ഒപ്പം നിന്ന തോഴി ശശികല തന്നെ ചതിച്ചെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒരു മനുഷ്യായുസ്സിന്റെ നല്ല കാലം എല്ലാം ഒരു തോഴിയായി ഒപ്പം നിന്ന ശശികലയ്ക്ക് അമ്മയെ എങ്ങനെ ചതിക്കാൻ കഴിയും. ചിന്നമ്മ അനുകൂലികളുടെ ചോദ്യം ഇങ്ങനെയാണ്. സമ്പത്തും ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഒരു പാർട്ടിയെ തന്നെ അനാഥമാക്കിയ ആ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ അവർ ഒപ്പം നിർത്തിയവർ തന്നെയാണോ? ആ വിശ്വാസവഞ്ചന കാണിച്ചത് ജീവിതത്തിൽ അത്രമേൽ പ്രിയപ്പെട്ടവളായി ജയ ചേർത്തുപിടിച്ച ശശികലയാണെന്ന് അന്വേഷണ റിപ്പോർട്ട് പറയുമ്പോൾ ഇനി തമിഴകത്ത് ഉയരുക ഇതുവരെ കണ്ട കാഴ്ചകളായിരിക്കില്ല എന്ന് വ്യക്തം.

വി.കെ.ശശികല ഉൾപ്പെടെ 4 പേരെയാണ് കുറ്റക്കാരായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.എയിംസ് മെഡിക്കൽ സംഘം അ‍ഞ്ചു തവണ അപ്പോളോ സന്ദർശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ നൽകിയില്ല. ജയലളിതയ്ക്ക് ആൻജിയോഗ്രാം ചെയ്യുന്നത് ശശികല തടഞ്ഞു. യുഎസിൽ നിന്നെത്തിയ ഡോ.സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താൻ ശുപാർശ ചെയ്തിട്ടും അത് ചെയ്തില്ല. 2016 ഡിസംബർ 5ന് രാത്രി 11.30ന് ജയലളിത മരിച്ചെന്നാണ് അപ്പോളോ ആശുപത്രി അറിയിച്ചത്. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ ജയലളിതയുടെ മരണം 2016 ഡിസംബർ 4 ന് ഉച്ചകഴിഞ്ഞ് 3 നും 3.30 നും ഇടയിലായിരിക്കാമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വി.കെ.ശശികല, ഡോ.കെ.എസ്.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ.െജ.രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി സി.വിജയഭാസ്കർ എന്നിവർക്കെതിരെ അന്വേഷണത്തിനും കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ജയലളിത മരിക്കുന്ന സമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമമോഹന റാവുവിനെതിരെ കടുത്ത പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

2016 ഡിസംബർ അ്ചിനു രാത്രി പതിനൊന്നരയോടെയാണ് അപ്പോളോ ആശുപത്രിയിൽ നിന്നും തമിഴകത്തിന്റെ ഉള്ളുലയ്ക്കുന്ന ആ വാർത്ത പുറത്തുവന്നത്. അവരുടെ പുരച്ഛി തലൈവി അമ്മ ജയലളിത ഇനി ഒരു ഓർമ മാത്രം. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതലുള്ള അഭ്യൂഹങ്ങൾ വൻ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ 2017 ഓഗസ്റ്റിൽ അന്നത്തെ അണ്ണാ ഡിഎംകെ സർക്കാർ ജസ്റ്റിസ് അറുമുഖസാമി കമ്മിഷനെ നിയോഗിച്ചത്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി തമിഴിലും ഇംഗ്ലിഷിലും റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കമ്മിഷന്റെ കാലാവധി വിവിധ കാരണങ്ങളാൽ 14 തവണയാണ് നീട്ടി നൽകി.

മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം, വി.കെ.ശശികലയുടെ സഹോദര ഭാര്യയായ ഇളവരശി അടക്കം 154 സാക്ഷികളെയാണ് കമ്മിഷനു മുന്നിൽ വിസ്തരിച്ചത്. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും ശശികല കമ്മിഷനു മുന്നിൽ ഹാജരായില്ല. 2021ൽ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ ഡിഎംകെ സർക്കാർ ജയലളിതയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ചയായാണ് ജസ്റ്റിസ് അറുമുഖസാമി തയാറാക്കിയ 608 പേജുകളുള്ള റിപ്പോർട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാരിനു സമർപ്പിച്ചത്.

അപ്പോളോ ആശുപത്രിയിൽ 75 ദിവസം ചികിൽസയിലിരുന്ന ജയലളിതയുടെ ആശുപത്രി ബില്ല് പോലും വിവാദങ്ങളിൽ ഇപ്പോഴും നിറയുന്നുണ്ട്. 6.86 കോടി രൂപയാണ് ഈ ദിവസങ്ങളിൽ ചെലവഴിച്ചത്. ഇതിൽ 44 ലക്ഷം രൂപ ഇനിയും കിട്ടിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മിഷനു നൽകിയ രേഖകളിൽ ആരോപിച്ചിരുന്നു. ചികിൽസാ വേളയിൽ ജയലളിതയുടെ ഭക്ഷണത്തിനായി 1.17 കോടി ചെലവായെന്ന കൗതുകവും ഈക്കൂട്ടത്തിലുണ്ട്. ശശികല കുടുംബം അപ്പോളോ ആശുപത്രിയെ സുഖവാസ കേന്ദ്രമാക്കിയെന്നും 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാരെന്നു കണ്ടെത്തണമെന്നും അന്നത്തെ നിയമമന്ത്രി സി.വി.ഷൺമുഖം ആവശ്യപ്പെട്ടിരുന്നു.  മുറി വാടക ഇനത്തിൽ അടച്ച 1.24 കോടി രൂപ ശശികലയും കുടുംബവും താമസിച്ച മുറിയുടെ വാടകയാണെന്നും അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. ജയയുടെ ഹെൽത്ത് കെയർ സർവീസിന് 1.92 കോടി, കൺസൽറ്റേഷൻ ഫീസായി 71 ലക്ഷം.  വെന്റിലേറ്റർ, ഇൻഫ്യൂഷൻ പമ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിന് 7.10 ലക്ഷം, വാർഡിലെ ഫാർമസിയിൽ നിന്നുള്ള മരുന്നുക‍ൾക്കായി 38 ലക്ഷം. ലണ്ടനിൽ നിന്നുള്ള വിദഗ്ധ ഡോക്ടർ റിച്ചാർഡ് ബീലിന്റെ സേവനത്തിന് 92 ലക്ഷം. ഇങ്ങനെ 6.86 കോടിരൂപയാണ് ജയലളിതയ്ക്കായി അവസാനസമയത്ത് ചെലവഴിച്ചത്.

എംജിആറിന്റെ അമ്മു തമിഴകത്തിന്റെ അമ്മയാകുന്നതിന് മുൻപു ശേഷവും, സ്വന്തമാകാത്ത ബന്ധങ്ങൾ അവരിൽ പകയുടെ കനൽ െകാളുത്തി വിട്ടപ്പോഴും, എന്തിന് ജയിലിൽ പോകുമ്പോൾ പോലും അവർക്കൊപ്പം നിന്ന തോഴിയാണ് ശശികല. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിൽ അവർ നേരിട്ട കേസുകളിലും നല്ല വാഴ്ചകളിലും അവർ ഒപ്പമുണ്ടായിരുന്നു. അതിൽ എല്ലാം തന്നെ അവരുടെ കയ്യൊപ്പം കാണാം. അങ്ങനെയുള്ള ശശികല ജീവിതത്തിൽ ഇനി നേരിടാൻ പോകുന്നത് ഏറ്റവും വലിയ അഗ്നിപരീക്ഷയാണ്.

അമ്മയ്ക്ക് പിന്നാലെ തമിഴകം വാഴുന്ന ചിന്നമ്മ ആകാൻ കൊതിച്ചയാള്‍,  ഇപ്പോൾ അമ്മയുടെ മരണത്തിന്റെ ഉത്തരവാദിയാവുകയാണ്. പാർട്ടി പിടിക്കാൻ ഇറങ്ങിയ ശശികലയ്ക്കെതിരായ ഈ റിപ്പോർട്ട് അണ്ണാ ഡിഎംകെ നേതാക്കൾക്ക് ആശ്വാസമാണെന്ന് പറയാം. എന്നാൽ കോടനാട് എസ്റ്റേറ്റ് െകാലക്കേസ് അടക്കമുള്ള വജ്രായുധങ്ങൾ സ്റ്റാലിന്റെ കയ്യിൽ ഇരുക്കുന്നിടത്തോളം കാലം, എടപ്പാടി പളനിസ്വാമി അടക്കമുള്ള നേതാക്കൾക്ക് ഉറക്കമില്ലാത്ത രാത്രികൾ തന്നെയാണ്. നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിക്കാൻ ശശികല ഇറങ്ങുമ്പോൾ അവർക്കൊപ്പം ആരൊക്കെ നിൽക്കും എന്നതാണ് ഇനിയുള്ള ആകാംക്ഷ. സിനിമ പോലെ നാടകീയത വാണ ജീവിതം. സിനിമയില്‍ നിന്നൊരു ട്വിസ്റ്റില്‍ തമിഴ്നാടിന്‍റെ നായിക. ഒടുവിലിതാ, മരണവും അതിനാടകീയമായ മറ്റൊരു അമ്പരപ്പിലേക്ക് തമിഴക ജനതയെ എടുത്തെറിഞ്ഞിരിക്കുന്നു. ഇരുമെയ്യും ഒരു മനസ്സുമായി നടന്ന തോഴി തങ്ങളുടെ അമ്മയെ ചതിച്ചെന്ന തലക്കെട്ടില്‍ തമിഴകം ഇനി എന്തിനൊക്കെ സാക്ഷിയാകും..? കാത്തിരുന്ന് കാണാം.