എം.ജി.ആര്‍, എന്‍.ടി.ആര്‍, ജയലളിത..; രാഷ്ട്രീയത്തിരയിലെ താരത്തിളക്കം

തെന്നിന്ത്യന്‍ താരങ്ങളുടെ രാഷ്ട്രീയ‘പ്രേമം’ ഒരു പുതിയ വിഷയമല്ല. രാഷ്ട്രീയത്തിലിറങ്ങിയ താരങ്ങളെ പിന്നീട് ജനം ഏറ്റെടുത്ത കാഴ്ച്ചയുമുണ്ട്, മറിച്ചുമുണ്ട്. തമിഴ്നാടിന് ആ പാരമ്പര്യം കൂടുതലാണെന്ന് പറയാം. ഈ മാസം 2ന് ദളപതി വിജയ് കൂടി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിരിക്കുകയാണ്.  തമിഴക വെട്രി കഴകം എന്ന് പാര്‍ട്ടിയുടെ പേര്.

എം.ജി.ആര്‍, എന്‍.ടി.ആര്‍ തുടങ്ങി സിനിമയിലും രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞവര്‍ അനവധി.

1977ല്‍ തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.ജി രാമചന്ദ്രന്‍ എന്ന എം.ജി.ആറാണ് ഈ കൂട്ടത്തില്‍ ആദ്യം വന്നയാള്‍. 1987 ല്‍, തന്‍റെ മരണം വരെ തമിഴ്നാട് മറ്റൊരു മുഖ്യമന്ത്രിയെപ്പറ്റി ചിന്തിച്ചിട്ടില്ല. ‘മക്കള്‍ തിലകം’ അഥവാ ജനങ്ങളുെട രാജാവ് എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.

തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപിച്ച് 1982ല്‍ രാഷ്ട്രീയത്തിലിറിങ്ങിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് എന്‍.ടി രാമ റാവു എന്ന എന്‍.ടി.ആര്‍. 1983 മുതല്‍ 1995വരെ അദ്ദേഹം ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു.

തമിഴ്നാട്ടില്‍ ജയലളിത എന്ന താരസുന്ദരി രാഷ്ട്രീയത്തിലിറങ്ങിയതോടെ അവിടം മറ്റൊരു ചരിത്രത്തിന് സാക്ഷ്യം കുറിച്ചു. എം.ജി.ആറിന്‍റെ ശിക്ഷണത്തില്‍ വെള്ളിത്തിരയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ജയലളിത തമിഴ്നാടിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. 14 വര്‍ഷത്തിലധികം അവര്‍ ആ സ്ഥാനം അലങ്കരിച്ചു.

ആന്ധ്രാപ്രദേശില്‍ ടൂറിസം 2012 മുതല്‍ 2014 വരെ ടൂറിസം മന്ത്രിയായിരുന്ന ചിരഞ്ജീവിയെന്ന സൂപ്പര്‍താരത്തെയും ജനം ഏറ്റെടുത്തു. 

അദ്ദേഹത്തിന് പിന്നാലെ സഹോദരന്‍ പവന്‍ കല്യാണും രാഷ്ട്രീയത്തിലിറങ്ങി, ജന സേന പാര്‍ട്ടിയെന്ന പേരില്‍ സ്വന്തമായി പാര്‍ട്ടിയും രൂപീകരിച്ചു. 2018ല്‍ തമിഴിന്‍റെ ഉലക നായകന്‍ കമല്‍ ഹാസന്‍ ആരംഭിച്ച മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയും സാന്നിധ്യമറിയിച്ചു.

തമിഴ്നാടിന്‍റെ തലൈവര്‍ എന്നറിയപ്പെടുന്ന സൂപ്പര്‍ താരവുമായ രജനികാന്ത് ഏറെ കാത്തിരുന്നൊടുവില്‍‌ 2017 ഡിസംബര്‍ 31നാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്, രജനി മക്കള്‍ മന്ത്രം എന്ന പേരില്‍ പാര്‍ട്ടി സ്ഥാപിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ പേരു പറഞ്ഞു പിരിച്ചുവിടുകയായിരുന്നു.

വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയപ്രവേശനത്തിന് തയ്യാറാകുന്നുവെന്ന് വാര്‍ത്തകളും വരുന്നുണ്ട്. ഇപ്പോള്‍ ഏതായാലും വിജയുടെ വരവിലാണ് ആകാംക്ഷയത്രയും. താരലോകവും രാഷ്ട്രീയലോകവും തമിഴകജനതയും ഉറ്റുനോക്കുകയാണ്. തിരശ്ശീലയിലെ വിജയം വിജയ് ആവര്‍ത്തിക്കുമോ എന്ന്.