ജയലളിതയുടെ പിറന്നാൾ ആഘോഷമാക്കി എടപ്പാടി പക്ഷം; മുറിച്ചത് 75 കിലോ കേക്ക്

അണ്ണാ ഡിഎംകെയുടെ അധികാരം കൈക്കലാക്കിയ എടപ്പാടി പക്ഷം ജയലളിതയുടെ 75ാം ജന്മദിനം ആഘോഷമാക്കി. എംജിആറിനും ജയലളിതയ്ക്കും ശേഷം താൻ, എന്ന പ്രതീതി ഉണ്ടാക്കാനാണ് എടപ്പാടി പളനിസ്വാമി ഇന്ന് ശ്രമിച്ചത്. അതേസമയം, വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഒ.പനീർ സെൽവം പ്രതികരിച്ചു.

എഐഡിഎംകെ ജനറൽ സെക്രട്ടറിയായ ശേഷം ആദ്യമായി പാർട്ടി ആസ്ഥാനത്ത് എത്തിയ പളനി സ്വാമിയെ ആവേശത്തോടെയാണ് അണികൾ സ്വീകരിച്ചത്. ജയലളിതയുടെ 75 ആം പിറന്നാൾ ആഘോഷങ്ങൾ 75 കിലോ കേക്ക് മുറിച്ച് എടപ്പാടി ഉൽഘാടനം ചെയ്തു. പിന്നീട് ജയലളിതയുടെയും, എം.ജി.ആറിൻ്റെയും പ്രതിമകൾ പുഷ്പഹാരം അണിയിച്ചു. പിറന്നാള്‍ ആഘോഷങ്ങള്‍ ഫലത്തില്‍ പാര്‍ട്ടി പിടിച്ചതിന്‍റെ ആഘോഷമാക്കി എടപ്പാടി വിഭാഗം മാറ്റി.  അതേസമയം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട ഒ.പനീർസൽവം സ്വവസതിയിലെ ജയലളിതയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് പനീർ സൽവം പ്രതികരിച്ചു 

ജയലളിതയ്ക്കുശേഷം പാര്‍ട്ടിയിലുണ്ടായ ഇരട്ട നേതൃത്വം ഇന്നലെ സുപ്രിം കോടതി വിധിയിലൂടെ ഒറ്റ നേതൃത്വത്തിലേക്ക് വഴിമാറിയിരുന്നു. ഇതോടെയാണ് പാർട്ടി ഇപിഎസ് പക്ഷത്തിന്റെ കൈക്കലായത്.