പൊലീസിന്റെ തോക്ക് ‘പോക്കറ്റടിച്ചു’; കൗതുകത്തിന് അടിച്ചുമാറ്റിയതെന്നു പ്രതികൾ; അറസ്റ്റ്

ആലപ്പുഴ: കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്കു കൊണ്ടുപോകാൻ സ്വകാര്യ ബസിൽ കയറിയ പൊലീസുകാരന്റെ പിസ്റ്റൾ മോഷണം പോയി. പിസ്റ്റൾ മോഷ്ടിച്ചവരെ അധികം വൈകാതെ അറസ്റ്റ് ചെയ്തു. പിസ്റ്റളും വീണ്ടെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ പക്കലായിരുന്നു പിസ്റ്റൾ. ആലപ്പുഴ തിരുമല വാർഡ് പോഞ്ഞിക്കര സോഫിയ ഭവനത്തിൽ യദുകൃഷ്ണൻ (20), എറണാകുളം വടുതല ഒഴിപ്പറമ്പിൽ ആന്റണി സേവ്യർ (21), പുന്നപ്ര സ്വദേശി സന്ധ്യ (35) എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ ശേഷം ഒരു പ്രതിയെ ജയിലിലേക്ക് കൊണ്ടു പോയ എആർ ക്യാംപിലെ രണ്ട് പൊലീസുകാരിൽ ഒരാളുടെ പിസ്റ്റളാണ് മോഷ്ടിക്കപ്പെട്ടത്. റബർ ഫാക്ടറി ജംക്‌ഷനിൽ ഇറങ്ങിയ ശേഷമാണ് ഉറയിൽനിന്ന് തോക്ക് കാണാതായത് പൊലീസുകാർ അറിഞ്ഞത്. ബസിൽ ഇവരുടെ പിന്നിലെ സീറ്റിലാണ് ആന്റണിയും യദുകൃഷ്ണനും യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പിസ്റ്റളിന്റെ ഉറ ശരിയായി അടയുന്നതായിരുന്നില്ല. ഇരുന്നപ്പോൾ വെളിയിലേക്ക് നീണ്ടുനിന്ന പിസ്റ്റൾ പ്രതികൾ കൈക്കലാക്കിയാതാകാം എന്നും പൊലീസ് പറഞ്ഞു.

ഉടൻ തന്നെ പിസ്റ്റൾ അന്വേഷിച്ച് പൊലീസ് സ്വകാര്യ ബസ് സ്റ്റാൻഡിലെത്തി. ബസിൽനിന്ന് ഇറങ്ങിയ രണ്ടുപേർ ബീച്ച് ഭാഗത്തേക്കു പോയെന്നും ഒരാളുടെ കൈ പ്ലാസ്റ്റർ ഇട്ടിരുന്നതായും സ്വകാര്യ ബസ് ജീവനക്കാർ സൂചന നൽകി. കയ്യിൽ പ്ലാസ്റ്ററിട്ടയാളെ ബസിൽവച്ച് ഒരു പൊലീസുകാരൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. വൈകാതെ ബീച്ച് പരിസരത്തുനിന്ന് ഇവരെ പിടികൂടി.‌   ബീച്ച് പരിസരത്തെ കാറ്റാടിമരക്കൂട്ടത്തിനടുത്താണ് പ്രതികളെ കണ്ടെത്തിയത്. ഒപ്പം സന്ധ്യയും ഉണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോൾ ആദ്യം പ്രതികൾ കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് സന്ധ്യ ബാഗിൽനിന്ന് തോക്ക് എടുത്തു നൽകി. തോക്ക് പരിശോധിക്കുകയും വെടിയുണ്ട ഇടുന്നത് എങ്ങനെയെന്നു നോക്കുകയും ചെയ്തതായി യദുകൃഷ്ണനും ആന്റണിയും പൊലീസിനോടു സമ്മതിച്ചു.

മൂന്നു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു. തോക്കിന്റെ ഉറ തുറന്നിരുന്നതു കണ്ട് കൗതുകത്തിന് കൈക്കലാക്കിയതാണെന്നാണ് പ്രതികൾ പൊലീസിനോടു പറഞ്ഞത്.