യുവതിയുടെ ഹണിട്രാപ്പില്‍ 20 യുവാക്കൾ; വ്യാജ നഗ്നചിത്രം; വമ്പൻ തട്ടിപ്പ്

തിരുവനന്തപുരത്ത് വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച യുവതി ഇരുപതിലേറെ യുവാക്കളെ ഹണിട്രാപ്പിലാക്കിയെന്ന് കണ്ടെത്തല്‍. ഈ യുവാക്കളുടെ പേരില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു നഗ്നചിത്ര പ്രചാരണം. യുവാക്കളെ കണ്ടെത്തി അവരെയും കേസില്‍ പ്രതിചേര്‍ക്കാനാണ് സൈബര്‍ ക്രൈം പൊലീസിന്റെ തീരുമാനം.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി സൗമ്യയാണ് വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. സൗമ്യയെ ചോദ്യം ചെയ്തതോടെ അതി വിദഗ്ധമായി നടത്തിയ വമ്പന്‍ തട്ടിപ്പിന്റെ ചുരുളാണ് അഴിഞ്ഞത്. വീട്ടമ്മയുടെ കുടുംബജീവിതം തകര്‍ക്കുകയായിരുന്നു സൗമ്യയുടെ ലക്ഷ്യം. അതിനാണ് വ്യാജചിത്രം പ്രചരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് കൂട്ടുപിടിച്ചത് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള പത്തിലേറെ യുവാക്കളെയാണ്. ഫേസ്ബുക്കിലൂടെയാണ് അവരെയെല്ലാം സൗമ്യ പരിചയപ്പെട്ടത്. അതിന് ശേഷം ഹണിട്രാപ്പിലൂടെ വരുതിയിലാക്കി. ഇവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡ് കൈക്കലാക്കി. 

അതുവഴി വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഹണിട്രാപ്പിലൂടെ വരുതിയിലാക്കിയ യുവാക്കളുടെ പേരില്‍ സിംകാര്‍ഡുകളെടുത്ത് വാട്സാപ്പ് വഴിയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു. യുവാക്കളുടെ പേരിലുള്ള അക്കൗണ്ടുകളും ഫോണ്‍ നമ്പരും വഴിയുള്ള പ്രചാരണമായിരുന്നതിനാല്‍ താന്‍ പിടിക്കപ്പെടില്ലെന്നായിരുന്നു ഒരു വര്‍ഷമായി സൗമ്യയുടെ വിശ്വാസം. എന്നാല്‍ ഇതില്‍ ഒരു യുവാവായ ഇടുക്കി സ്വദേശി നെബിനെ ചോദ്യം ചെയ്തതോടെയാണ് സൗമ്യ കുരുങ്ങിയത്. ഹണിട്രാപ്പില്‍പെട്ട പല യുവാക്കളും സൗമ്യയെ സഹായിച്ചെന്നാണ് പൊലീസിന്റെ നിഗമനം. അവരെയും പ്രതിയാക്കി അറസ്റ്റ് ചെയ്യാനാണ് തീരുമാനം.