100 പവന്‍ കവര്‍ന്ന കേസില്‍ വഴിത്തിരിവ്; കാറിൽ 75 ലക്ഷവും; വെളിപ്പെടുത്തൽ

തിരുവനന്തപുരം ടെക്നോസിറ്റിക്ക് സമീപം സ്വര്‍ണ വ്യാപാരിയെ തടഞ്ഞുനിര്‍ത്തി 100 പവന്‍ കവര്‍ന്ന സംഭവത്തിലുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. സ്വര്‍ണവ്യാപാരി സഞ്ചരിച്ച വാഹനത്തില്‍ 75 ലക്ഷം രൂപയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. പണമുണ്ടായിരുന്നെന്ന കണ്ടെത്തലെത്തിയതോടെ ആദായനികുതി ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു.

കാറിന്‍റെ മുന്‍വശത്തെ സീറ്റിനടിയിലെ പ്ലാറ്റ്ഫോമില്‍ രണ്ടു പ്രത്യേക രഹസ്യ അറകള്‍ ഉണ്ടാക്കിയാണ് പണം സൂക്ഷിച്ചത്. 500ന്‍റേയും 2000ത്തിന്‍റേയും നോട്ടുകളാക്കിയാണ്  ഇവ സൂക്ഷിച്ചത്. ആദ്യം മൊഴി രേഖപ്പെടുത്തിയപ്പോള്‍ സ്വര്‍ണ വ്യാപാരിയായ സമ്പത്ത് പൊലീസിനോടു ഇക്കാര്യം പറഞ്ഞിരുന്നില്ല. അക്രമികള്‍ സ്വര്‍ണം കൊണ്ടുപോയശേഷം സമ്പത്ത് ബന്ധുവിനെ വിളിച്ച് ഈ പണം കൈമാറുകയായിരുന്നു. അതിനുശേഷമായിരുന്നു സമ്പത്ത് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 

വിശദമായ ചോദ്യം ചെയ്യലിലാണ് പണത്തിന്‍റേയും രഹസ്യ അറയുടേയും കാര്യം പൊലീസിനോടു സമ്മതിച്ചത്. പണം കണ്ടെത്തിയതില്‍ ആദായനികുതി വകുപ്പ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. കസ്റ്റഡിയിലായവരില്‍ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പണത്തെകുറിച്ചുള്ള സൂചന ലഭിച്ചത്. നേരത്തെ കസ്റ്റഡിയിലായ അഞ്ചുപേരെ കൂടാതെയുള്ള ആറു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.