ആർത്തനാദങ്ങൾ; പെൺമക്കൾക്കു ദാരുണാന്ത്യം; പുനർജനിക്കുമെന്നു മാതാപിതാക്കൾ; നടുക്കം

മന്ത്രവാദത്തിനുവേണ്ടി യുവതികളായ പെണ്‍മക്കളെ മാതാപിതാക്കള്‍ അടിച്ചുകൊന്നതില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന ക്രൂരത. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ  മഡനപള്ളിയിലാണ് അതിദാരുണമായ ഇരട്ടകൊലപാതകം. ചിറ്റൂരിലെ സര്‍ക്കാര്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ അച്ഛനെയും സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലായ അമ്മയെയും പൊലീസ് കസ്റ്റഡിയെലെടുത്തു.  

  മന്ത്രവാദിയുടെ വാക്കുകേട്ട് നൊന്തുപെറ്റ അമ്മ മക്കളെ  അടിച്ചുകൊല്ലുക. തല്ലിക്കൊന്ന മക്കള്‍ ഉണരാനായി  മൃതദേഹാരാധന നടത്തുക. മനസാക്ഷിയെ നടുക്കുന്ന ക്രൂരതയാണു ചിറ്റൂര്‍ ജില്ലയിലെ മഡനപള്ളിയിലുണ്ടായത്. മഡപ്പള്ളി സര്‍ക്കാര്‍ ആര്‍ട്സ് കോളജിലെ കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസറാണ് പുരുഷോത്തമം നായിഡു. ഭാര്യ പത്മജ സ്വകാര്യ സ്കൂളില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യുകയാണ്. വിശ്വാസകാര്യങ്ങളില്‍ അതീവ തല്‍പരരായ ഇരുവരും ഞായറാഴ്ച വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തിയിരുന്നു.

രാത്രിയോടെ  ആദ്യം ഇരുപത്തിയൊന്നു വയസുള്ള മകള്‍ സായ് ദിവ്യയെയും പിന്നീട് 27 വയസുള്ള മകള്‍ അലേകിയെയും വ്യായാമം ചെയ്യാനായി ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ചു ഇടിച്ചുകൊന്നു. വസ്ത്രങ്ങള്‍ മാറ്റി പട്ടുതുണിയില്‍ പൊതിഞ്ഞു പൂജാമുറിയില്‍ വച്ചു പൂജിക്കുന്നതിനിടെയാണു പൊലീസ് എത്തിയത്. സൂര്യോദയത്തോടെ ദോഷങ്ങളെല്ലാം തീര്‍ന്ന്  മക്കള്‍ തിരികെ വരുമെന്നും ശല്യം ചെയ്യരുതെന്നുമായിരുന്നു പുരുഷോത്തമം പൊലീസിനോടു ആവശ്യപ്പെട്ടത്. 

കരച്ചിലും ബഹളവും കേട്ട അയല്‍വാസികള്‍ അറിയിച്ചതിനുസരിച്ച് എത്തിയതായിരുന്നു  പൊലീസ്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മന്ത്രവാദിയുടെ  നിര്‍ദേശ പ്രകാരം പത്മജമാണ്  കൊലപാതകം നടത്തിയതന്ന് വ്യക്തമായത്. വീട്ടിലാകെ പൂജ നടന്നതിന്റെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. ലോക്ക് ഡൗണിനു മുമ്പു വരെ അയല്‍ക്കാരുമായി സൗഹൃദം പുലര്‍ത്തിയിരുന്ന കുടുംബം ഈയിടെ ആരെയും വീട്ടിലേക്കു കയറ്റാറുണ്ടായിരുന്നില്ല. ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.