കൊടകരയില്‍ വന്‍കഞ്ചാവ് വേട്ട; 54 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശൂര്‍ കൊടകരയില്‍ വന്‍കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന അന്‍പത്തിനാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. 

കൊടകര, വെള്ളിക്കുളങ്ങര കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തുണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ്.പി.: ആര്‍.വിശ്വനാഥന് രഹസ്യവിവരം കിട്ടിയിരുന്നു. ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൊടകര പൊലീസിന്റെ അന്വേഷണം. കൊടകര ഇന്‍സ്പെക്ടര്‍ ജയേഷ് ബാലനും സംഘവും കഞ്ചാവു കടത്തുകാരെ തിരിച്ചറിഞ്ഞു. ഇവരെ, പിന്‍തുടര്‍ന്ന പൊലീസ് സംഘം കൊടകര മേല്‍പാലത്തിനു താഴെ നാടകീയമായി പിടികൂടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ 54 കിലോ കഞ്ചാവ് കണ്ടെത്തി. വെള്ളിക്കുളങ്ങര സ്വദേശികളായ അനന്തവും ദീപുവുമാണ് പിടിയിലായത്. ഇരുവരും കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയില്‍ നിന്നാണ് കാര്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തിയത്. ഇത് കൊച്ചിയിലും തൃശൂരിലും വില്‍ക്കുകയായിരുന്നു ഉദ്ദേശ്യം. ഓരോ കിലോ വീതം വാങ്ങാന്‍ ആളുണ്ട്. വില്‍പന ശൃംഖലയിലെ കണ്ണികളേയും പൊലീസ് തിരിച്ചറിഞ്ഞു. രണ്ടു പ്രതികളുടേയും മൊബൈല്‍ ഫോണിലേക്ക് വിളിച്ചവരെല്ലാം കുടുങ്ങും.

വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ മധ്യകേരളത്തില്‍ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണുത്തിയില്‍ ഇരുപതു കിലോ കഞ്ചാവാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.