മാളയിൽ അരക്കോടി രൂപയുടെ ഹഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

തൃശൂര്‍ മാള ബസ് സ്റ്റാന്‍ഡ് പരിസരത്ത് അരക്കോടി രൂപയുടെ വില വരുന്ന ഹഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ലഹരിമരുന്ന് കടത്തിയതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. 

എക്സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരമാണ് നിര്‍ണായകമായത്. ചെന്നൈയില്‍ നിന്ന് ഹഷിഷ് ഓയിലുമായി ഒരാള്‍ ചാലക്കുടി, മാള മേഖലയില്‍ കച്ചവടത്തിന് ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു വിവരം. കഴിഞ്ഞ ഒരു മാസമായി ഇതാരാണ് ഈ കച്ചവടക്കാരനെന്ന് അറിയാന്‍ എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. അങ്ങനെയാണ്, കൊടകര കനകമല സ്വദേശി ജെറിനെ തിരിച്ചറിഞ്ഞത്. മാള ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബസില്‍ മാത്രമായിരുന്നു സഞ്ചാരം. ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതിരിക്കാനായിരുന്നു ഇത്. ലഹരിമരുന്ന് ചാലക്കുടി, മാള, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ വാങ്ങാന്‍ ആളുണ്ട്. രാത്രി പാര്‍ട്ടികളിലാണ് ഇതിന്റെ ഉപയോഗം കൂടുതല്‍.

ഹഷിഷ് ഓയിലിന്റെ ഉറവിടം കണ്ടെത്താന്‍ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്. വലിയ തോതില്‍ ഹഷിഷ് ഓയില്‍ കടത്തിയതിനാല്‍ ഇരുപതു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്.മനോജ്കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.