മജിസിയ സൈബര്‍ ആക്രമണം നടത്തി; പരാതിയുമായി പ്രവാസി യുവതി

ദേശീയ പവര്‍ലിഫ്റ്റിങ് താരം മജിസിയ ഭാനു സൈബര്‍ ആക്രമണം നടത്തിയെന്ന് പരാതി. പ്രവാസി യുവതി നല്‍കിയ പരാതിയില്‍ മജിസിയ അടക്കം രണ്ടുപേര്‍ക്കെതിരെ കോഴിക്കോട് പന്നിയങ്കര പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തു. മജിസിയയ്ക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ കഴിഞ്ഞയാഴ്ച്ച വടകര എടച്ചേരി പൊലീസ് കേസെടുത്തിരുന്നു. 

പ്രവാസിയായ കൗലത്ത് ഇസ്മയിലിന്‍റെ പരാതിയിലാണ് മജിസിയ ഭാനു, മുര്‍ഷാദ് എന്നിവര്‍ക്കെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തത്. മജിസിയയുടെ നേതൃത്വത്തിലുള്ള സേവ് എ ചൈല്‍ഡ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതിനെച്ചൊല്ലി മജിസിയ ഫെയ്സ്ബുക്കിലൂടെ നിരന്തരം അപമാനിക്കുന്നുവെന്നാണ് പരാതി. ഫേക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും പരാതിയിലുണ്ട്. 

കൗലത്തിനെ കൂടാതെ മജിസിയയ്ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുന്നുണ്ട്. എന്നാല്‍ നവമാധ്യമങ്ങളിലൂടെ താന്‍ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് മജിസിയയുടെ വാദം.