'ബിജെപി തോറ്റത് താൻ കാരണം'; രാജഗോപാലിനെതിരെ പ്രവർത്തകരുടെ അധിക്ഷേപം

കേരളത്തിൽ ബിജെപിയുടെ ആകെയുണ്ടായിരുന്ന അക്കൗണ്ട് പൂട്ടിയതിനെ തുടർന്ന് മുതിർന്ന നേതാവും നേമം എംഎൽഎയുമായ ഒ.രാജഗോപാലിനെതിരെ സൈബർ ആക്രമണം.രാജഗോപാലിനെതിരെ അധിക്ഷേപം ഉയർത്തുന്നത് മറ്റാരുമല്ല ബിജെപിക്കാർ തന്നെയാണ്. ബിജെപിയുടെ തോൽവിക്ക് കാരണം രാജഗോപാലിന്റെ ചില പരാമർശങ്ങളാണ് എന്നാണ് ആക്ഷേപം. 

'ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു.തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും' എന്നാണ് ഫെയ്സ്ബുക്കിൽ ഒ.രാജഗാപാൽ കുറിച്ചത്. 

രാജഗോപാലിന്റെ പിണറായി സ്തുതിയാണ് നേമത്തെ തോൽവിക്ക് കാരണം, രാജേട്ടാ, ദയവു ചെയ്തു നിങ്ങൾ മിണ്ടാതിരിക്കുന്നതാ പാർട്ടിക്ക് നല്ലത്. അനേകം പേര് ജീവൻ നൽകി പടുത്തുയർത്തിയ പ്രസ്ഥാനമാണ്, ഇവിടെ തോറ്റത് ആത്മാർത്ഥമായി പ്രവർത്തിച്ച പാവം പ്രവർത്തകർ മാത്രം, വായിലുള്ള നാക്കു മര്യാദക്ക് ഇട്ട് നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു എങ്കിൽ ഉള്ളത് പോകില്ലായിരുന്നു തുടങ്ങി നീളുന്നു കമന്റുകൾ. 

ബിജെപി വിരുദ്ധർ രാജഗോപാലിന് നന്ദിയും പറയുന്നുണ്ട്. തലച്ചോറുള്ള സംഘി, രാജേട്ടാ ഇങ്ങള് മുത്താണ് പക്ഷെ ഇങ്ങള് ചേർന്ന പാർട്ടി പറ്റിയില്ല എന്നിങ്ങനെയും കമന്റുകളുണ്ട്.