‘സ്വന്തം പെണ്ണിനെ വേറൊരുത്തന്‍ ലിപ്‌ലോക്ക് ചെയ്തു’: കമന്റിന് നടിയുടെ മറുപടി

സിനിമകളിലെ ചുംബനരംഗങ്ങളിൽ അഭിനയിക്കുന്ന നടിമാർക്കു പലപ്പോഴും വിമർശനവും പരിഹാസവും നേരിടേണ്ടി വരാറുണ്ട്. നടിമാരെ മാത്രമല്ല, കുടുംബാംഗങ്ങളെപ്പോലും ആക്ഷേപിക്കുന്ന തരത്തിലേക്കു ചിലർ അധഃപതിക്കാറുണ്ട്. ചില താരങ്ങൾ കുറിക്കു കൊള്ളുന്ന മറുപടി നൽകാറുണ്ട്. 

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. ‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തന്‍ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ‘മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലെ?’ എന്നായിരുന്നു ഇതിന് മറുപടിയായി ദുര്‍ഗ കുറിച്ചത്. ഭർത്താവ് അര്‍ജുൻ രവീന്ദ്രൻ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ഫോട്ടോദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനു നേരെയാണ് വിമർശനം ഉണ്ടായത്. 

കൃഷ്ണ ശങ്കര്‍ നായകനാകുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദുര്‍ഗ കൃഷ്ണയെ ലിപ്‌ലോക്ക് ചെയ്യുന്ന സീന്‍ ഉണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സീനിൽ അഭിനയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദുർഗ തന്നെ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

കുടുക്കിലെ ആ പാട്ട് പ്രമോട്ട് ചെയ്യാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഭര്‍ത്താവ് അര്‍ജുന്‍ ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അര്‍ജുനെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെന്നുമാണ് താരം പറഞ്ഞത്.

‘കുടുക്കിലെ പാട്ട് പ്രമോട്ട് ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അര്‍ജുനാണ്. അര്‍ജുന്‍ ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു. അദ്ദേഹത്തിന് അത് ഒരു പ്രശ്‌നമേ അല്ലായിരുന്നു. സിനിമയില്‍ ഒരു ലിപ് ലോക്ക് സീനുണ്ടെന്ന് അര്‍ജുനോട് പറഞ്ഞിരുന്നു. പിന്നെ ഞങ്ങളുടെ രണ്ട് പേരുടേയും ടെന്‍ഷന്‍ ഇത് വീട്ടുകാര്‍ എങ്ങനെ എടുക്കുമെന്നായിരുന്നു. എന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ കുഴപ്പമുണ്ടായിരുന്നില്ല. അര്‍ജുന്‍ തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ എനിക്ക് വേണ്ടി സംസാരിച്ചത്. ആ കാര്യത്തില്‍ ഞാന്‍ ലക്കിയായിരുന്നു. അത്രയും സപ്പോര്‍ട്ടീവായിരുന്നു.’

‘പിന്നെ ഇത് നമ്മുടെ ജോലിയാണ്. ഇത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യുന്നതല്ലാതെ ഞങ്ങള്‍ ഡയറക്ടറോട് പറഞ്ഞു ചെയ്യിപ്പിക്കുന്ന സംഭവമല്ല. മാത്രമല്ല അവിടെ കിച്ചുവും ദുര്‍ഗയുമല്ല മാരനും ഈവുമാണ്. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലാണ് ആ സംഭവം നടക്കേണ്ടത്. അത് ഞങ്ങളുടെ പേഴ്‌സണല്‍ ലൈഫിനെ എഫക്ട് ചെയ്യേണ്ട കാര്യമില്ല. ഭാഗ്യത്തിന് ഞങ്ങള്‍ രണ്ട് പേര്‍ക്കും അങ്ങനെയുള്ള പാര്‍ട്‌ണേഴ്‌സിനെയാണ് കിട്ടിയിരിക്കുന്നതും, ദുര്‍ഗ കൃഷ്ണ പറഞ്ഞു.