അജിത്തിന് ജോലി നൽകണമെന്ന് വ്യാജ പോസ്റ്റർ; നിയമ നടപടിക്ക് കുടുംബം

വ്യാജ പോസ്റ്ററുപയോഗിച്ച് ദത്ത് വിവാദത്തിലെ കുട്ടിയുടെ മാതാപിതാക്കളായ അജിത്തിനും അനുപമയ്ക്കുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. അജിത്തിന് സര്‍ക്കാര്‍ ജോലി നൽകണമെന്നാവശ്യപ്പെടുന്ന വ്യാജപോസ്റ്റർ സമരത്തിനു പിന്തുണ നൽകിയ പ്രമുഖരുടെ  പേരിലാണ് തയാറാക്കിയിരിക്കുന്നത്. പേരൂര്‍ക്കട പൊലീസിലും സൈബര്‍ സെല്ലിലും അജിത്തും അനുപമയും പരാതി നൽകി. 

കുഞ്ഞിനെ യഥാര്‍ഥ മാതാപിതാക്കള്‍ക്ക് കിട്ടിയതിന് പിന്നാലെ അജിത്തിനും അനുപമയ്ക്കുമെതിരെ വ്യാജപ്രചരണം അഴിച്ചുവിടുകയാണ് സൈബര്‍ പോരാളികള്‍. കുഞ്ഞിനെ ലഭിക്കാനുളള അമ്മയുടെ അവകാശത്തിനൊപ്പം നിന്ന ബി ആര്‍ പി ഭാസ്കര്‍, സച്ചിദാനന്ദന്‍, കെ.അജിത. ഡോ ജെ.ദേവിക എന്നിവരുടെ പേരില്‍ വ്യാജ പോസ്റ്റർ തയാറാക്കിയാണ് തെറ്റിദ്ധാരണ പരത്തുന്നത്. ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക എന്നാണ് പോസ്റ്ററില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. യഥാര്‍ഥത്തിലുളളതാണെന്ന് തെറ്റിദ്ധരിച്ച് നൂറുകണക്കിന് പേരാണ് ഷെയര്‍ ചെയ്ത് വിമര്‍ശനം അഴിച്ചുവിടുന്നത്. 

അതേസമയം വ്യാജ പ്രചാരണമെന്ന് അറിയാതെ പോസ്റ്ററിൽ പേരുവന്ന പ്രമുഖരും ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് കുറിപ്പിട്ടു. വകുപ്പ് തല  അന്വേഷണ റിപ്പോര്‍ട്ട്  അനുപമയ്ക്കെതിരാണെന്ന്  പ്രചരിപ്പിച്ചതിനു പിന്നാലെയാണ് വ്യാജ രേഖയുണ്ടാക്കിയിരിക്കുന്നത്. ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ നൽകിയ റിപ്പോര്‍ട്ടില്‍ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ച് അഞ്ചാം ദിവസവും പരിശോധിക്കുകയാണെന്നാണ് മറുപടി. ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളടങ്ങിയതാണ് റിപ്പോര്‍ട്ടെന്നാണ് വിവരം.