മൂന്നുപേരുടെ മാത്രം തിരക്കഥയോ? കഥ എഴുതിയോ പൊലീസും?

ഇക്കഴിഞ്ഞ നവംബര്‍ 27ന് ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒടുവില്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം വട്ടം കറക്കിയ പ്രതികളെ കുടുക്കാന്‍ പൊലീസ് നടത്തിയത് ഭഗീരഥ പ്രയത്നമാണ്.  ക്യാമറകളില്‍ പെടാതെ  പൊലീസിന്‍റെ പരിശോധനകള്‍ മറികടന്ന സംഘം നാലു ദിവസത്തോളം ശരിക്കും കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി. തട്ടിക്കൊണ്ടുപോയി 21 മണിക്കൂറുകള്‍ക്കേശഷം കുഞ്ഞിനെ തിരികെ കിട്ടി എന്ന വലിയ ആശ്വാസം ഉണ്ടായപ്പോഴും പൊലീസ് ആകെ പെട്ടിരിക്കുകയായിരുന്നു. ഒടുവില്‍ കേരള പൊലീസ് പ്രതികളെ കുടുക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയോടെ. ഭര്‍ത്താവ്, ഭാര്യ, മകള്‍ മൂന്നംഗസംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടി നാട്ടിലെത്തിച്ച് രാത്രി ഒമ്പതരയോടെ എഡിജിപി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. പൊലീസ് മാധ്യമങ്ങളെ കണ്ടില്ല. പിറ്റേന്ന് ഉച്ചയ്ക്കാണ് എഡിജിപി മാധ്യമങ്ങളെ കണ്ടത്.

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് പൊലീസ് പറഞ്ഞത്. ഒരുവർഷമെടുത്താണ് പ്രതികൾ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രതികൾ പല കുട്ടികളെയും ലക്ഷ്യമിട്ടെന്നും പൊലീസ് പറയുന്നു. സംഘത്തില്‍ ഈ മൂന്നുപേരെ ഉള്ളു. നാലാമനില്ലെന്നും പൊലീസ് ഉറപ്പിക്കുന്നു. 

പ്രതികള്‍ റിമാന്‍ഡിലായെങ്കിലും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി. അഞ്ചു കോടി ബാധ്യതയുള്ളവര്‍ പത്തുലക്ഷത്തിനുവേണ്ടി ഇത്രയും റിസ്കെടുക്കുമോ എന്നതാണ് പ്രധാന സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിലുണ്ടായിരുന്നെന്ന് സഹോദരന്‍ പറഞ്ഞ നാലാമനും  കേസിലെ ദുരൂഹതയാണ്. എ.ഡി.ജി.പി അജിത്ത് കുമാര്‍ കേസിനെ കുറിച്ച് വിശദീകരിച്ചു കഴിഞ്ഞപ്പോഴും ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്.

ചോദ്യം ഒന്ന്.  ആ നാലാമന്‍ എവിടെ?

കാറില്‍ സ്ത്രീകളടക്കം 4 പേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരന്‍റെ മൊഴിയുണ്ട്. എന്നാല്‍ അപ്പോഴത്തെ അങ്കലാപ്പില്‍ സഹോദരന്‍ അങ്ങനെ പറഞ്ഞുപോയതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവര്‍ക്ക് മാത്രമാണ് പങ്കെന്ന് എഡിജിപി പറയുന്നു. രേഖാചിത്രം സംബന്ധിച്ചാണ് രണ്ടാമത്തെ ചോദ്യം. 

2. ആദ്യരേഖാചിത്രം???

3 പ്രതികള്‍ മാത്രമെങ്കില്‍ പൊലീസ് 28ന് പുലര്‍ച്ചെ പുറത്തുവിട്ടത് ആരുടെ രേഖാചിത്രമാണ്. പൊലീസ് പറയുന്നപ്രകാരമാണെങ്കില്‍ പത്മകുമാറും ഭാര്യ അനിത കുമാരിയും പാരിപ്പള്ള കിഴക്കനേലയിലെ കടയില്‍ സാധനം വാങ്ങാന്‍ പോയിരുന്നു. ഇവിടെ നിന്ന് ഫോണ്‍ വാങ്ങിയാണ് കുട്ടിയുടെ അമ്മയെ വിളിച്ചത്. സ്ത്രീക്കൊപ്പമുണ്ടായിരുന്ന പുരുഷന്‍റേതെന്ന് പറഞ്ഞു തയ്യാറാക്കിയ ആ രേഖാചിത്രത്തിന് പത്മകുമാറുമായി ഒട്ടും രൂപസാദൃശ്യമില്ല. അപ്പോള്‍ ആരാണയാള്‍?

ഫോണ്‍ കോള്‍ സംബന്ധിച്ചും സംശയങ്ങളേറെയാണ്. 

3. എത്ര ഫോണ്‍ കോള്‍ ?

മോചനദ്രവ്യം ആവിശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഒരു ഫോണ്‍ കോള്‍ മാത്രമാണ് വന്നതെന്നും 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും എ‍ഡിജിപി പറയുന്നു. എന്നാല്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് കോള്‍ എത്തിയത് അന്നേദിവസത്തെ ലൈവായി ചാനല്‍ ദൃശ്യങ്ങളില്‍ വ്യക്തവുമാണ്. പിന്നീടാണ് 10 ലക്ഷം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോള്‍ വന്നത്. എന്നിട്ടും ഒരു കോള്‍ മാത്രമേ വന്നിട്ടുള്ളുവെന്ന് പറയുന്നത് എന്തുകൊണ്ടാണ്. ?

4. ലൊക്കേഷന്‍ അറിഞ്ഞതെങ്ങനെ??

പ്രതികള്‍ ഓപ്പറേഷനിലുടനീളം ഫോണ്‍ ഉപയോഗിച്ചില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അതേ പൊലീസ് പറയുന്നു. കുട്ടിയെ ഉപേക്ഷിച്ച സമയത്ത് പ്രതികളുടെ ഫോണ്‍ ആശ്രാമം മൈതാനത്തെ ടവര്‍ പരിസരത്തുണ്ടായിരുന്നുവെന്ന് എഡിജിപി പറഞ്ഞതിലും വൈരുധ്യമാണുള്ളത്. 

5. നമ്പര്‍ കിട്ടിയതെങ്ങനെ... ?

കുട്ടിയുടെ അമ്മയുെട ഫോണ്‍ നമ്പര്‍ പ്രതികള്‍ക്ക് കിട്ടിയത് എങ്ങനെയാണ്. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്ന സമയത്ത് വീട്ടില്‍ നല്‍കണമെന്ന് പറഞ്ഞ് കുട്ടികള്‍ക്ക് നല്‍കിയ കുറിപ്പില്‍ കുട്ടിയുടെ മുത്തച്ഛന്‍റെ കടയിലെ ഫോണ്‍ നമ്പര്‍ ചേര്‍ത്തിരുന്നുവെന്നും ആ നമ്പറിലേക്ക് വിളിക്കുമെന്നുമായിരുന്നുവത്രെ ഉണ്ടായിരുന്നത്. എന്നാല്‍ ആ നമ്പറിലേക്ക് പ്രതികള്‍ വിളിച്ചില്ല. പിടിവലിക്കിടെ കുറിപ്പ് കാറില്‍ വീണെന്നും പ്രതികള്‍ അത് കത്തിച്ചു കളഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്. 

6. പത്മകുമാറിന്‍റെ ബാധ്യതയുടെ ചോദ്യങ്ങളും.

പത്മകുമാറിന് 5 കോടിയുടെ ബാധ്യതയെന്നാണ് പൊലീസ് പറയുന്നത്. 1.1 കോടി ബാധ്യതയുടെ വിവരം മാത്രമാണ് പക്ഷേ ലഭ്യമായിട്ടുള്ളതും. കേരള ബാങ്കില്‍ 60 ലക്ഷം, ചാത്തന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 10 ലക്ഷം, നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്കില്‍ 15 ലക്ഷം രൂപ എന്നിങ്ങനെ. പോളച്ചിറയില്‍ മൂന്നേക്കര്‍ വസ്തു, തമിഴ്നാട്ടില്‍ കൃഷി, ആഡംബര വീട്, 2 കാറുകള്‍ എന്നിവയുണ്ട് താനും. 2കാറു വിറ്റാലും പെട്ടന്നുണ്ടായ ബാധ്യത തീര്‍ക്കാം. മകള്‍ക്ക് യൂട്യൂബില്‍ നിന്ന് മാസം 3.8 മുതല്‍ 5 ലക്ഷം രൂപ വരുമാനം കിട്ടുമെന്ന പൊലീസ് വാദം ശരിയെങ്കില്‍ വര്‍ഷം 45–60 ലക്ഷം രൂപവരെ വരുമാനം കിട്ടിയിരുന്നു. എന്നിട്ടും 10 ലക്ഷം രൂപയ്ക്ക് വേണ്ടി ഒരു തട്ടിക്കൊണ്ടുപോകുമോ എന്ന ചോദ്യമാണ് സാമാന്യബോധത്തില്‍ ഏവരും ഉന്നയിക്കുന്നത്.

7. അച്ഛന്‍റെ ആരോപണമാണ് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.

തന്നെയും താന്‍ ഭാരവാഹിയായ സംഘടനയെയും പൊലീസ് ടാര്‍ഗറ്റ് ചെയ്യുന്നതായി കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. സംഘടനയിലെ ചിലരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടുകയും ചെയ്തു. നഴ്സിങ് പ്രവേശനത്തിന് 5 ലക്ഷം രൂപ കൊടുത്തിരുന്നുവെന്ന വാദം പൊലീസ് ഇപ്പോള്‍ നിഷേധിക്കുന്നു. പൊലീസ് ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന ആരോപണത്തിന് ഇടയാക്കിയ സാഹചര്യം എന്തായിരുന്നു ? അതിപ്പോള്‍ നിലനില്‍ക്കാത്തതെന്ത് ?

8. ഇനിയുള്ള ചോദ്യം ആശ്രാമത്ത് നിന്ന് എങ്ങോട്ട് ?

കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച ശേഷം അനിതകുമാരിയും പത്മകുമാറും ഓട്ടോറിക്ഷയില്‍ കൊല്ലം നഗരത്തില്‍ തന്നെയുള്ള ബിഷപ് ജെറോം നഗറില്‍ എത്തിയെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ മഞ്ഞ ചുരിദാര്‍ ധരിച്ച സ്ത്രീ ആശ്രാമം മൈതാനത്ത് നിന്ന് ഓട്ടോറിക്ഷയില്‍ കയറിയെന്ന് ഇതുവരെ ഒരു ഓട്ടോഡ്രൈവറും വെളിപ്പെടുത്താത്തതും ദുരൂഹമാണ്. 

ഇതിനൊക്കെ പുറമെ വേറെയുമുണ്ട് ചോദ്യങ്ങള്‍...

1. പ്രതികളെ കൃത്യത്തിനും അതിനുശേഷവും മറ്റാരെങ്കിലും സഹായിച്ചോ?

2. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഒരു കുടുംബം ഒരുമിച്ച് ഇത്രയും ആസൂത്രണത്തോടെ കുറ്റകൃത്യം ചെയ്തത് എങ്ങനെ?

3. തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാന്‍ പദ്ധതിയിട്ട പ്രതികള്‍ ഈ കുട്ടിയിലേക്ക് എങ്ങനെ എത്തി?

2. . ഈ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇത്രയും പണം നല്‍കാന്‍ ശേഷിയുണ്ടെന്ന് എങ്ങനെ മനസിലാക്കി?

3. പത്തുലക്ഷത്തിന്‍റെ അടിയന്തര ആവശ്യം വന്നു എന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷമായി ആസൂത്രണം നടക്കുന്നു എന്നു പറയുന്നതില്‍ വൈരുധ്യമില്ലേ?

4..ഇത്രയും ആസൂത്രണം ചെയ്തവര്‍ എന്തിന് സ്വന്തം കാറിന്‍റെ നമ്പര്‍ മാറ്റാതെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാന്‍  വന്നു?

5. ചുറ്റുപാടുമുള്ളവര്‍ അനധികൃതമായി പണം സമ്പാദിച്ചത് പ്രചോദനമെന്ന് വാദം. അതിന് കുട്ടിയെ തട്ടിക്കൊണ്ടു പോയി പണം ഉണ്ടാക്കാം എന്നു തന്നെ തീരുമാനിച്ചതെന്തിന്?

മോചനദ്രവ്യം ആവശ്യപ്പെട്ട് അനിതാകുമാരിയുടെ ശബ്ദ സന്ദേശം മാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് പൊലീസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ശബ്ദം തിരിച്ചറിഞ്ഞ യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകൽ നടപ്പാക്കിയതു മുതൽ പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും നീല കാറിന്റെ റജിസ്ട്രേഷൻ നമ്പരും പത്മകുമാറിനെ കുടുക്കി. 

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതിനുശേഷം പത്മകുമാറും ഭാര്യ അനിതകുമാരിയും പാരിപ്പള്ളിയിലെ ഒരു കടയിൽ എത്തിയിരുന്നു. ഇവിടെനിന്ന് ഒരു മൊബൈൽ ഫോൺ വാങ്ങിയാണ് കുഞ്ഞിൻറെ വീട്ടിലേക്ക് വിളിച്ച് 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ഫോൺവിളിയുടെ ഈ ശബ്ദ സന്ദേശം മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ നെടുമ്പനയിലെ ഒരു യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ ശബ്ദം അനിതകുമാരിയുടെ ആണെന്നായിരുന്നു യുവാവ് പോലീസിനെ അറിയിച്ചത്. കൂടുതൽ വ്യക്തതക്കായി ശാസ്ത്രീയ പരിശോധനയ്ക്കും അയച്ചു. ഇതാണ് ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിലേക്ക് അന്വേഷണം എത്തിച്ചത്. 

പത്മകുമാറിന്റെ നീലക്കാറിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാനായി പ്രതികൾ കൊല്ലം കെഎസ്ആർടിസി ഡിപ്പോയുടെ മുന്നിലൂടെയുള്ള ആശ്രമം ലിങ്ക് റോഡിൽ എത്തിയത്. ഇവിടെ സിസിടിവിയിൽ പതിഞ്ഞ കാറിന്റെ രജിസ്ട്രേഷൻ നമ്പറും അന്വേഷണത്തിന് സഹായകമായി.

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചത് പത്മകുമാറിന്റെ വെള്ളക്കാർ . ഈ കാറിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും വീട്ടിലേക്ക് തിരികെ വരുമ്പോഴും യഥാർത്ഥ നമ്പർ ഘടിപ്പിക്കും. പാരിപ്പള്ളി ഹൈവേയിൽ വച്ചാണ് വ്യാജർ നമ്പർ പ്ലേറ്റ് വെള്ള കാറിൽ പതിപ്പിച്ചിരുന്നത്. എന്നാൽ നീല കാറിൽ നമ്പർ മാറ്റാൻ പത്മകുമാറിന് ബുദ്ധി തോന്നിയില്ല. നീല കാറിന്റെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പർ പോലീസിന് പ്രധാന തെളിവായി. തിങ്കളാഴ്ച കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന ദിവസം മുതൽ പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും സംശയം ഇരട്ടിപ്പിച്ചു. പിന്നീട് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചപ്പോൾ പ്രതികളെ പിന്തുടരാൻ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. 

14 മണിക്കൂറിൽ അധികം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വൻ പൊലീസ് സന്നാഹത്തിലാണ് മൂന്നു പ്രതികളെയും അടൂർ എ ആർ ക്യാമ്പിന് പുറത്തെത്തിച്ചത്. മുഖം മറച്ച പ്രതികളെയും വഹിച്ച വാഹനത്തിനൊപ്പം പത്തിലധികം പൊലീസ് വാഹനങ്ങൾ  അടൂർ പൂയപ്പള്ളി റോഡിലും പിന്നാലെ കൊട്ടാരക്കരയിലേക്കും കുതിച്ചു പാഞ്ഞു.. പ്രതികൾക്ക് നേരെ അക്രമം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചായിരുന്നു വൻ സുരക്ഷ.

ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അന്വേഷണം റൂറല്‍ ജില്ലാ ക്രൈബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ പതിമൂന്നു പേരാണ് സംഘത്തിലുളളത്. ഡിവൈഎസ്പി റാങ്കിലുളളവരിലേക്ക് അന്വേഷണ ചുമതല കൈമാറുന്നതിന് വേണ്ടിയാണ് പൂയപ്പളളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ക്രൈബ്രാഞ്ചിന് കൈമാറിയത്. കേസില്‍ കൂടുതല്‍ പ്രതികളില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ അന്വേഷണം അവസാനിച്ച മട്ടിലാണ്. ഇനി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്ന നടപടിയും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കും.

Special program on Oyoor case