കേരളം തിരഞ്ഞ ആ പ്രതികള്‍; പിടിവീണ വഴി!

ചാത്തന്നൂര്‍ മാമ്പള്ളിക്കുന്ന് കവിതാരാജില്‍ പത്മകുമാര്‍, പിടിക്കപ്പെടണമെന്ന് കേരളത്തിന്റെ സമൂഹമനഃസാക്ഷി ആഗ്രഹിച്ചുപോന്ന ആ പ്രതി. അത് അയാളായിരുന്നു.  മുപ്പത് വര്‍ഷം മുന്‍പ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദം റാങ്കോടെ പാസായ, കരിയറിന്റെ വഴി ഉപേക്ഷിച്ച് അക്കരപ്പച്ചയ്ക്ക് പിന്നാലെ പാഞ്ഞ് എവിടെയും എത്താതെപോയ ഒരു ഇടത്തരക്കാരന്‍. അയാളായിരുന്നു കൊല്ലത്ത് ആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരന്‍. 

ഒരുനാടിന്റെയാകെ ഉള്ളുലച്ച തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയുടെ നടത്തിപ്പിന് അയാളുടെ  ഇടംവലം നിന്നതാവട്ടെ ഭാര്യ അനിത കുമാരിയും മകള്‍ അനുപമയും. ഒരു കുടുംബം ഒന്നാകെ ഉള്‍പ്പെട്ട ഓപ്പറേഷന്‍. ഇതിന് ഒരുമ്പെട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത് കടബാധ്യതയെന്നാണ് പ്രതിയുടെ ഭാഷ്യം. നടത്തിപ്പോന്ന ബിസിനസുകള്‍ കോവിഡ് പ്രതിസന്ധിക്കാലത്ത് തകര്‍ന്നടിഞ്ഞപ്പോള്‍ കോടികളുടെ കടത്തിലേക്ക് പത്മകുമാര്‍ കൂപ്പുകുത്തി. 

അഞ്ചുകോടിയുടെ കടവും ആറ് കോടിയുടെ ആസ്തിയുമുണ്ടെന്നാണ് പ്രതിയുടെ അവകാശവാദം. വസ്തുവകകളുടെ രേഖകള്‍ പലയിടത്തും ഈടായി കൊടുത്തിരുന്നതിനാല്‍ വിറ്റ് കടംതീര്‍ക്കാനുള്ള വഴിയടഞ്ഞു. ചുറ്റുപാടുമുള്ള ചിലരുടെ ആകസ്മികമായ സാമ്പത്തികവളര്‍ച്ച അയാളെ അസ്വസ്ഥനാക്കി. അങ്ങനെ പത്മകുമാര്‍ കണ്ടുപിടിച്ച മാര്‍ഗമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍. വിഡിയോ കാണാം.