ജഡ്ജിമാർക്കെതിരെ ആരോപണം; മുൻ ജഡ്ജി സി.എസ് കർണനെതിരെ വീണ്ടും കേസ്

വിവാദ ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണനെതിരെ ചെന്നൈ സൈബര്‍ പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു. മദ്രാസ് ഹൈക്കോടതിയിലെ ചില ജഡ്ജിമാർ വനിതാ ജീവനക്കാരെ ലൈംഗികമായി ചുഷണം െചയ്യുന്നുവെന്ന വീഡിയോ സന്ദേശത്തിലെ ആരോപണത്തെ തുടര്‍ന്നാണ് കേസ്. ആരോപണ വിധേയരായ വനിതജീവനക്കാരുടെ പേരും വെളിപ്പെടുത്തി. ഇതിനെതിരെ ഹൈക്കോടതിയിലെ പത്തു വനിത അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.

ജസ്റ്റിസ് സി.എസ്  കർണനെതിരെ നടപടി ആവശ്യപ്പെട്ടും  വിഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നടപടി തേടിയുമാണ് മദ്രാസ് ഹൈക്കോടതിയിലെ  10 വനിത അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തെഴുതിയത്. ബന്ധപ്പെട്ട അധികാരികളെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. ഇതിനു പിന്നാലെയാണു സൈബർ പൊലീസ്  കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം, ഐടി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണു കേസ്.

സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ട വിഡിയോ സന്ദേശത്തിൽ ജസ്റ്റിസ് കർണൻ, സുപ്രീം കോടതി ജഡ്ജിമാരുടെ ഭാര്യമാർക്കെതിരെ പീഡന ഭീഷണി മുഴക്കിയെന്നാണു ആരോപണം. ഹൈക്കോടതിയിലെ വനിത ജീവനക്കാരുടെ പേരെടുത്തു പറഞ്ഞു ജഡ്ജിമാർക്കെതിരെ പീഡന ആരോപണവും ഉന്നയിച്ചു. പീഡനക്കേസ് ഇരകളുടെ പേരു വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന ചട്ടവും കർണൻ ലംഘിച്ചതായി അഭിഭാഷകർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

സുപ്രീം കോടതിയിലെ മുൻ വനിതാ ജഡ്ജിയുടെ ചെന്നൈയിൽ വീട്ടിലേക്കു ജസ്റ്റിസ് കർണൻ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും വിവാദമായി. നടപടി ദൗർഭാഗ്യകരമായെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ കല്‍ക്കട്ടയിലേക്കു സ്ഥലം മാറ്റിയതോടെയാണു കര്‍ണന്‍ സുപ്രീം കോടതിയെ വെല്ലുവിളിച്ചു രംഗത്തെത്തിയത്. തുടര്‍ന്ന് 2017ൽ  കോടതിയലക്ഷ്യക്കേസിൽ 6 മാസം ജയിൽ ശിക്ഷയനുഭവിച്ചിരുന്നു ജസ്റ്റിസ് കർണൻ.