വനത്തിനുള്ളില്‍ ആഴത്തുംപന ചെത്തി കള്ള് ഉൽപാദനം; കേസ്

വനത്തിനുള്ളില്‍ ആഴത്തുംപന ചെത്തി കള്ളുത്പാദിപ്പിച്ചതുമായി ബന്ധപ്പെട്ട് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേസുടുത്തു. മാങ്കുളം ആനക്കുളം  മേഖലയിൽ  നിന്നുമാണ് 5 ലിറ്ററോളം ആഴത്തുംപന കള്ള് നര്‍ക്കോട്ടിക് സംഘം കണ്ടെടുത്തത്.വനമേഖലയില്‍ ചാരായ നിര്‍മ്മാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ആഴത്തുംപന കള്ള് കണ്ടെത്തിയത്.

അടിമാലി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് വനത്തിനുള്ളില്‍ ആഴത്തും പന ചെത്തി കള്ളുത്പാദിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത് .തൊണ്ണൂറ്റാറ് കുടിക്ക് സമീപമുള്ള വനത്തില്‍ ചാരായ നിര്‍മ്മാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നാര്‍ക്കോട്ടിക് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്.പരിശോധനക്കിടയില്‍ അനധികൃതമായി ഉത്പാദിപ്പിച്ച 5 ലിറ്റര്‍ ആഴത്തുംപന കള്ള് കണ്ടെടുത്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു.

വനത്തിനുള്ളിലെ രണ്ട് ആഴത്തുംപനകളില്‍ കള്ള് ഉത്പാദനം നടന്ന് വന്നിരുന്നതായാണ് നാര്‍ക്കോട്ടിക് സംഘം നല്‍കുന്ന വിവരം. അബ്കാരി നിയമം അനുസരിച്ച് ഈ കുറ്റകൃത്യത്തിന് പരമാവധി 10 വര്‍ഷം വരെ തടവു ലഭിക്കാവുന്നതാണെന്നും പ്രതിയെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.