ക്ലോസറ്റുകള്‍ക്കിടയില്‍ സ്യൂഡോ എഫഡ്രിന്‍; കടത്താന്‍ ശ്രമിച്ചത് 25 കിലോ

എറണാകുളത്തേക്കു കടത്താന്‍ സൂക്ഷിച്ചിരുന്ന ഇരുപത്തിയഞ്ചു കിലോ  ലഹരിമരുന്ന് ചെന്നൈയില്‍ പിടികൂടി. സ്യൂഡോ എഫഡ്രിന്‍ എന്ന മാരക രാസവസ്തുവാണ് ഡി.ആര്‍.ഐ പിടിച്ചെടുത്തത്. വിദേശത്തു നിന്നെത്തിയ ക്ലോസറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

ന്യൂജന്‍ ലഹരിമരുന്ന് നിര്‍മാണത്തിലെ  പ്രധാന അസംസ്കൃത വസ്തുവായ സ്യൂഡോ എഫ്രഡെയ്ന്റെ വന്‍ ശേഖരമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  റവന്യു  ഇന്റലിജന്‍സ് വിഭാഗം നടത്തിയ നീക്കങ്ങളാണ്  25 കിലോ ലഹരി രാസപദാര്‍ഥം പിടിച്ചെടുക്കുന്നതിലേക്കു നയിച്ചത്. ചെന്നൈ വാള്‍ടാക്സ് റോഡിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നാണ് 25 കിലോ രാസപദാര്‍ഥം പിടിച്ചെടുത്തത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ശുചിമുറി സാധനങ്ങള്‍ എറണാകുളത്തേക്ക് അയക്കാന്‍ തയാറാക്കിയതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. വിലകൂടിയ ക്ലോസറ്റുകളും അനുബന്ധ ഉപകരണങ്ങളുമായിരുന്നു ഇത്. ഇവയുടെ പാക്കുകള്‍  തുറന്നു പരിശോധിച്ചപ്പോഴാണ് കടലാസ് കാര്‍ട്ടണുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ വെളുത്ത പൊടി കണ്ടെത്തിയത്. 

രാസപരിശോധനയിലാണ് സ്യൂഡോ എഫ്രഡെയ്നാണെന്നു സ്ഥിരീകരിച്ചത്. 1985 ലെ  നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക്  സബ്സ്റ്റന്‍സ് നിയമപ്രകാരം കര്‍ശന നിയന്ത്രണമുള്ളതാണ്  സ്യൂഡോ എഫ്രെഡയ്ന്‍. സാധാരണ കഫകെട്ട്, സൈനസ് , ചെവിക്കുഴലിലെ നീര്‍ക്കെട്ട് എന്നിവയ്ക്കുള്ള മരുന്നു നിര്‍മാണത്തിനായി  ഇവ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍  ന്യൂജന്‍ ലഹരിമരുന്ന് നിര്‍മാണത്തിനു വന്‍തോതില്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച 25 കിലോയും  ലഹരിമരുന്നു നിര്‍മാണത്തിനായിരുന്നുവെന്നാണ് സൂചന. അയച്ചയാളെയും എറണാകുളത്ത് ഇവ സ്വീകരിക്കാനിരുന്ന ആളെയും പറ്റി ഡി.ആര്‍.ഐ അന്വേഷണം തുടരുകയാണ്.