ജിഷ്ണു ഹരിദാസിന്റെ തിരോധാനം; പൊലീസ് അന്വേഷണം വഴിമുട്ടി

ദുരൂഹ സാഹചര്യത്തിൽ കുമരകത്തു നിന്ന് കാണാതായ കുടവെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസിനെ കുറിച്ചുള്ള പൊലീസ് അന്വേഷണം വഴിമുട്ടി. നാട്ടകത്തു നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ഠം ജിഷ്ണുവിന്‍റേതെന്ന് ആദ്യം സ്ഥിരീകരിച്ച പൊലീസ് മൂന്ന് മാസം പിന്നിട്ടിട്ടും അതില്‍ വ്യക്തത വരുത്തിയില്ല. ശാസ്ത്രീയ പരിശോധന ഫലമടക്കം വൈകിച്ച് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 

ജൂൺ 3നാണ് കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണുവിനെ കാണാതായത്. കുമരകം ചക്രംപടിയില്‍ ബസിറങ്ങിയ ജിഷ്ണു മറ്റൊരു ബസില്‍ കോട്ടയത്തേക്ക് പോയെന്നാണ് നിഗമനം. ഇത് സ്ഥിരീകരിച്ച് ബസ് ജീവനക്കാരുടെ മൊഴിയും ലഭിച്ചു. അന്വേഷണം പുരോഗമിക്കവെ ജൂണ്‍ 27ന് നാട്ടകത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്ഥലത്തു നിന്ന് ലഭിച്ച വസ്ത്രങ്ങളും ഫോണും പരിശോധിച്ച പൊലീസ് മൃതദേഹം ജിഷ്ണുവിന്‍റേതാണെന്ന് ഉറപ്പിച്ചു. എന്നാല്‍ ഫോണും വസ്ത്രങ്ങളും ജിഷ്ണുവിന്‍റേതല്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. മരിച്ചത് ആരെന്നുറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും മറുപടിയില്ല. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല.

മൃതദേഹത്തിന്‍റെ സമീപത്തു നിന്ന് രണ്ട് ഫോണുകൾ കിട്ടിയെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് ഒരു ഫോണെന്ന് തിരുത്തി. ഫോണുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടതാത്തതും കുടുംബത്തിന്‍റെ സംശയം വര്‍ധിപ്പിക്കുന്നു. വിഷ്ണു ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയും നഷ്ടപ്പെട്ടു. സംശയമുള്ള വ്യക്തികളുടെ പേരുകളും അതിനുള്ള കാരണങ്ങളും വിശദമാക്കിയും കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.